വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് നിയമം ഭേദഗതി :നടപടികളെടുക്കുമെന്ന് മന്ത്രി വെങ്കയ്യനായിഡു
തിരുവനന്തപുരം: വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ആക്ടിന്റെ പരിധിയില്‍ദൃശ്യമാധ്യമപ്രവര്‍ത്തകരെയും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം ഉടന്‍ മുതിര്‍ന്ന മന്ത്രിമാരുമായും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചചെയ്ത് നടപടികളെടുക്കുമെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നിവേദകസംഘവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കും യൂനിയന്‍ നിവേദനം സമര്‍പ്പിച്ചു. യൂനിയന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭയില്‍ ശൂന്യവേളയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്‍ കെ.വി തോമസ് വിഷയം ഉന്നയിച്ചു. മാധ്യമപ്രവര്‍ത്തനരംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ വന്നുചേര്‍ന്ന സാഹചര്യത്തില്‍ കാലാനുസൃതമായി എല്ലാ അര്‍ഹരായ മാധ്യമപ്രവര്‍ത്തകരെയും വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, ഐ.എന്‍.ടി.യു.സി ദേശീയ അധ്യക്ഷന്‍ സഞ്ജീവ റെഡ്ഡി എന്നിവര്‍ക്കും നിവേദനം നല്‍കി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍, ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം, സെക്രട്ടറി എം. പ്രശാന്ത്, ട്രഷറര്‍ പി.കെ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനങ്ങള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."