നമുക്ക് ലഭിച്ചത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമോ
സ്വാതന്ത്ര്യത്തിന്റെ പാതയില്‍ നമ്മുടെ രാജ്യം 70ാം പിറന്നാളിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അതിരുകളെകുറിച്ച് ആലോചിക്കുമ്പോള്‍ അതിരുകളില്ലാത്ത ആകാശമാണ് സ്മൃതിപഥത്തില്‍ ആദ്യമെത്തുക. മനുഷ്യന്റെ അടിസ്ഥാന സ്വഭാവംതന്നെ സ്വാതന്ത്ര്യദാഹത്താല്‍ പ്രചോദിതമാണ്. പക്ഷേ എത്തിപ്പിടിക്കാന്‍ പാഞ്ഞടുക്കുമ്പോഴേക്കും അവ അകന്നകന്നു പോവുന്ന ചക്രവാളങ്ങളാകുകയാണ്.
സ്വാതന്ത്ര്യം എന്ന വാക്കിന് അവകാശത്തോടൊപ്പം ഉത്തരവാദിത്വമെന്നുകൂടി ഭാഷ്യം നല്‍കണമെന്ന് വാദിക്കുന്നവരുണ്ട്. സ്വാതന്ത്ര്യം ഒരു സങ്കല്‍പ്പമെന്ന നിലയില്‍ ഔദാര്യത്തോടെ ആരെങ്കിലും വച്ചുനീട്ടി കിട്ടുന്നതിനേക്കാള്‍ എത്രയോ അഭികാമ്യമാണ് അത് സ്വയം നേടി അനുഭവിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏഴ് പതിറ്റാണ്ടുകളെപറ്റി വിലയിരുത്തുമ്പോള്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നമുക്ക് ലഭിച്ചുവെങ്കിലും മനസിന്റെ സ്വാതന്ത്ര്യവും ഒപ്പം സാമ്പത്തിക-സാമൂഹ്യസ്വാതന്ത്ര്യങ്ങളും അകലുന്ന സമൂഹമായി നമ്മള്‍ മാറുകയാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് വിദേശമേധാവിത്വശക്തിയായ ഇംഗ്ലീഷുകാരെ പുറത്താക്കി നാടിന്റെ മോചനം ഉറപ്പുവരുത്തുക എന്നതായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പകരം തദ്ദേശീയരായ നമുക്ക് നമ്മേ ഭരിക്കാന്‍ കഴിയുന്ന അവസ്ഥയാണ് വിഭാവന ചെയ്തത്.
പക്ഷേ ക്രാന്തദര്‍ശിയായ ഗാന്ധിജി രാഷ്ട്രീയ സ്വാതന്ത്ര്യവും സാമൂഹിക സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ വേണ്ടിയും തന്റെ സഹപ്രവര്‍ത്തര്‍കന്മാര്‍ ഉദ്യമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചുരുക്കത്തില്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഈ ത്രിതല സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം നടത്താന്‍ പ്രതിജ്ഞാബദ്ധനായിരുന്നു. അയിത്തോച്ചാടനം, അസ്പൃശ്യത, പന്തിഭോജനം തുടങ്ങിയ കാര്യങ്ങള്‍ ഉച്ചനീചത്വങ്ങളില്ലാതാക്കി സാമൂഹിക സമരസത സൃഷ്ടിക്കാനുള്ള ശ്രമമെന്ന നിലയില്‍ അക്കാലത്തെ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പ്പെട്ടിരുന്നു.
ഗ്രാമസ്വരാജ്, ചെറുകിട വ്യവസായസംരംഭങ്ങള്‍ സ്വദേശി ആചരണം, ട്രസ്റ്റിഷിപ്പ് തിയറി തുടങ്ങി സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പദ്ധതികളും ഗാന്ധിജി ആവിഷ്‌കരിച്ച് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പ്പെടുത്തിയിരുന്നു. ചുരുക്കത്തില്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ കുറഞ്ഞപക്ഷം ത്രിതലസ്വാതന്ത്ര്യങ്ങളെങ്കിലും നേടേണ്ടതുമുണ്ടായിരുന്നു. ഈ അളവുകോല്‍ വച്ചു നോക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പല മേഖലകളും നമുക്കന്യമെന്നുതോന്നിപ്പോകുന്നു.
എന്നാല്‍ സ്വാതന്ത്ര്യം മുഖമുദ്രയാക്കിയതിനപ്പുറം മറ്റ് സ്വാതന്ത്ര്യങ്ങള്‍ക്കായി ഗാന്ധിയന്‍ രീതിയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പരിശ്രമിച്ചതായി ആര്‍ക്കും അവകാശപ്പെടാനാവില്ല. 1991 ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നയവ്യതിയാനരേഖയാണ് പിന്നീട് ഉദാരവല്‍ക്കരണ നയം എന്നറിയപ്പെടുന്നത്.
മന്‍മോഹന്‍സിങിന്റെ പാര്‍ലമെന്റിലെ വെളിപ്പെടുത്തലനുസരിച്ച് 44 കൊല്ലത്തെ ഇന്ത്യന്‍ ആസൂത്രണം പൂര്‍ണ്ണ പരാജയമാണെന്നാണ് പറഞ്ഞിട്ടുള്ളത്. തടിച്ചുകൊഴുക്കുന്ന നഗരങ്ങളും വേണ്ടത്ര വികസിക്കാത്ത ഗ്രാമങ്ങളും തമ്മിലുള്ള വികസനത്തിലെ അന്തരമാണ് രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നമെന്ന് അക്കാലത്ത് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ 70 ാം സ്വാതന്ത്ര്യ പിറന്നാളിലേക്ക് കടക്കുമ്പോഴെങ്കിലും യാഥാര്‍ത്ഥ്യബോധത്തിലേക്ക് പ്രവേശിക്കാന്‍ തയാറാവുകയാണുവേണ്ടത്. ഇന്ന് ഇന്ത്യ ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടിയ സാമ്പത്തിക വളര്‍ച്ചാനിരക്കുള്ള രാജ്യമാണ്. പക്ഷേ ഇപ്പോഴും ലക്ഷ്യപ്രാപ്തി ആയിട്ടില്ല.
മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എവിടെയോ അവന്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന റൂസോയുടെ വാക്കുകള്‍ ചിന്തോദീപകമാണ്. വ്യത്യസ്തമായ മതങ്ങളും ജാതികളും ഭാഷകളുമൊക്കെ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഈ വ്യത്യസ്തതകള്‍ വൈരുധ്യമാകാതെ വൈവിധ്യമാക്കി നിലനിര്‍ത്തുന്നതിലാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയവും ഭാവിയും നിലകൊള്ളുന്നത്.
സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികനീതിയും ജനാധിപത്യവും തുല്യനീതിയുമൊക്കെ നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ധര്‍മ്മാധിഷ്ഠിത സമൂഹക്രമം സൃഷ്ടിക്കപ്പെടുകയും സംതൃപ്തരായ വ്യക്തികള്‍ പരസ്പര പൂരകങ്ങളായി നിലകൊള്ളുകയും ചെയ്യുമ്പോഴാണ് ഒരു രാജ്യം വിജയിക്കുന്നത്. മൂല്യാധിഷ്ഠിത-ധര്‍മ്മാധിഷ്ഠിത സമൂഹം ഇതിനാവശ്യമാണ്. സ്വാതന്ത്ര്യമെന്നത് ജീവിതത്തിന്റെ പുഷ്പിക്കലാണ്. പുഷ്പം വിരിയുക പ്രകൃതി ഹിതപ്രകാരമാണ്. അതേപോലെ വ്യക്തികള്‍ വിരിയുന്ന ഒരു സമൂഹമായി മാറാന്‍ സ്വാതന്ത്ര്യദിന ചിന്തകള്‍ നമ്മേ സഹായിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."