ബി.ജെ.പിക്ക് തലവേദനയായി ഗുജറാത്ത്
ഗുജറാത്തില്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാന്‍ രണ്ടാഴ്ചകൂടി കാലതാമസം വന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 11,000 കോടി രൂപയുടെ പദ്ധതികളാണു പ്രഖ്യാപിച്ചത്. എന്നിട്ടും ഭരണകക്ഷിയായ ബി.ജെ.പിക്കു മുട്ടുവിറക്കുന്നു. കോണ്‍ഗ്രസ്സിനാകട്ടെ വിരുദ്ധമുന്നണി രൂപീകരിക്കാനാകാത്ത തലവേദനയും.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നാട്. ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ നാട്. മുംബൈ (അന്ന് ബോംബെ)യില്‍നിന്നു ഭാഗം പിരിഞ്ഞ് 1960 മേയ് ഒന്നിനു പിറന്ന പശ്ചിമേന്ത്യന്‍ സംസ്ഥാനം.
ഗുജറാത്ത് സാവകാശം അതൊക്കെ മറക്കുന്നുണ്ടാകാം.ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ആറുകോടി ജനങ്ങളുടേതായ ഈ പ്രവിശ്യ ഇന്ന് അറിയപ്പെടുന്നത് പുതിയ പ്രധാനമന്ത്രിയുടെയും പുതിയ ബി.ജെ.പി പ്രസിഡന്റിന്റെയും നാട് എന്ന പേരിലാണ്.
ആറാംതവണയും ബി.ജെ.പി ഭരണം എന്ന ലക്ഷ്യം സുഗമമായി നേടാമെന്നു വിശ്വസിച്ചിരിക്കുകയായിരുന്നു ആ പാര്‍ട്ടി. എന്നാല്‍, രണ്ടാ
ഴ്ചക്കിടയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ ഗുജറാത്തിനായി കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച ശേഷവും ഭരണകക്ഷിയുടെ തലവേദന മാറിയിട്ടില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ശേഷവും ഏതാണ്ട് അതേകാലത്തു കാലാവധി തീരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു വിളംബരപ്പെടുത്താതിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഏറെ ചീത്തവിളി കേട്ടു. ഒടുവില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊക്കെയും പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് വന്ന് പ്രഖ്യാപിച്ച ശേഷം 13 നാള്‍ കഴിഞ്ഞ് ഗുജറാത്ത് വോട്ടെടുപ്പ് തീയതിക്കും പ്രഖ്യാപനമായി. അതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ടുഡേ മാസിക, ആക്‌സിസ് മൈ ഇന്ത്യയുമായി സഹകരിച്ചു നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ബി.ജെ.പിക്കു മുന്‍തൂക്കമുണ്ട്.
അപ്പോഴും കണക്കു പറയുന്നത്, 48 ശതമാനം വോട്ടര്‍മാരുടെ പിന്തുണ മാത്രമേ ബി.ജെ.പിക്കുള്ളൂവെന്നാണ്. എന്നാല്‍, 18,243 പേരുടെ അഭിപ്രായങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു നടത്തിയ ഈ ഹിതപരിശോധന ബി.ജെ.പിക്ക് അനുകൂലമാണെന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. 182 അംഗസഭയില്‍ ബി.ജെ.പി 115 മുതല്‍ 125 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 57നും 65നുമിടയില്‍ ഒതുങ്ങുമെന്നും.
മൂന്നുവര്‍ഷം മുമ്പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 26 സീറ്റില്‍ മുഴുവനും നേടിയെടുത്തതാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി പ്രസിഡന്റ് അമിത്ഷായുടെയും നാട്ടിലെ ഈ കക്ഷി. കോണ്‍ഗ്രസ്സിനെ നിലംപരിശാക്കിയ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെയും ബി.ജെ.പി ആധിപത്യം നാം കണ്ടതാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലുമൊക്കെ അവര്‍ താമര വിരിയിച്ചു. അക്കാരണത്താല്‍ തന്നെ മോദിയുടെ സ്വന്തം നാട്ടില്‍ മേധാവിത്വം നിലനിര്‍ത്തേണ്ടത് പാര്‍ട്ടിക്ക് അനിവാര്യമാണ്.
80 ശതമാനം ഹിന്ദുമതവിശ്വാസികളുള്ള സംസ്ഥാനത്ത് ഇത് എളുപ്പം സാധിക്കുമെന്ന് കരുതിയിരിക്കേയാണ് സംസ്ഥാനത്തു പല തലങ്ങളില്‍ ജനകീയപ്രക്ഷോഭങ്ങള്‍ തലയുയര്‍ത്തിയത്. 20 ശതമാനത്തോളം വരുന്ന പട്ടേല്‍ദാര്‍മാര്‍ സംവരണം ആവശ്യപ്പെട്ട് ആരംഭിച്ച സമരം വന്‍പ്രക്ഷോഭമായി ആളിക്കത്തി.
സോമനാഥ് ജില്ലയിലെ ഉനയില്‍ ചത്ത കന്നുകാലികളുടെ തോലുരിയുന്ന ജോലിയില്‍ കാലാകാലമായി ഏര്‍പ്പെട്ട ഏഴു പേരെ വീട്ടില്‍ക്കയറി ആക്രമിക്കുകയും നാലു ചെറുപ്പക്കാരെ തുണിയുരിഞ്ഞു വണ്ടിയില്‍ കെട്ടിയിട്ട് 25 കിലോമീറ്റര്‍ ചാട്ടവാര്‍കൊണ്ടടിച്ചു നടത്തിക്കുകയും മൂന്നുപേരെ തല്ലിക്കൊല്ലുകയും ചെയ്തു. ഇതോടെ ലക്ഷക്കണക്കിനു ദലിതരുടെ കോപം അണപൊട്ടിയൊഴുകി. 18 ശതമാനം വരുന്ന ആദിവാസികള്‍ തീരാത്ത അവഗണനയിലാണ്.
ഉയര്‍ന്ന മൂല്യങ്ങളുള്ള കറന്‍സി നോട്ടുകളുടെ അസാധുവല്‍ക്കരണവും ജി.എസ്.ടിയെന്ന ചരക്കുസേവന നികുതി അടിച്ചേല്‍പ്പിച്ചതും പൊതുജനത്തെ പൊറുതിമുട്ടിച്ചു. അഴിമതിക്കെല്ലാം അതീതമെന്ന വാതോരാതെ പ്രസംഗിച്ചു കൊണ്ടുനടന്ന പ്രസിഡന്റ് അമിത്ഷായുടെ മകന്റെ പേരിലുള്ള ആസ്തി വര്‍ധന കൂടിയതോടെ പാര്‍ട്ടിക്കു പിടിച്ചാല്‍ കിട്ടാത്ത നിലയായി.
ഈ പശ്ചാത്തലത്തില്‍ പ്രശ്‌നംവച്ചുനോക്കിയ രാഷ്ട്രീയനിരീക്ഷകര്‍ പറഞ്ഞു ഇന്നത്തെ ഗുജറാത്ത് പഴയ ഗുജറാത്തല്ല എന്ന്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി അവര്‍ ഉദാഹരണമായി എടുത്തുകാട്ടി. സംസ്ഥാനത്തെ 33 ജില്ലകളിലും ഒരുപോലെ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു പ്രതിപക്ഷകക്ഷിള്‍ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുണ്ടോ എന്നറിയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നു മുന്‍ മുഖ്യമന്ത്രി ആനന്ദ് ബെന്‍ പട്ടേല്‍ വെട്ടിത്തുറന്നു പറഞ്ഞുകഴിഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെന്നപോലെ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലിലും ജനുവരിയില്‍ നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരേണ്ട സമയമായി. രണ്ടിടത്തെയും തെരഞ്ഞെടുപ്പു തീയതികള്‍ ഒക്ടോബര്‍ 12നു പ്രഖ്യാപിക്കുമെന്നു കമ്മീഷന്‍ സൂചന നല്‍കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന 68 അംഗ ഹിമാചലില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ബി.ജെ.പി ഭരണത്തിലുള്ള 182 അംഗ ഗുജറാത്തില്‍ അതു പിന്നീട് പ്രഖ്യാപിക്കുന്നതാണെന്ന് അറിയിക്കുകയുമാണ് ചെയ്തത്.
തീയതി വിളംബരപ്പെടുത്തിയാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും പിന്നീടു ഭരണാധികാരികള്‍ക്കു പുതിയ പദ്ധതികളോ ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാനാകില്ലെന്നും വരുമെന്നതിനാല്‍ ഇതു കള്ളക്കളിയാണെന്നു വ്യാപകമായ പരാതിയുയര്‍ന്നു. റിസര്‍വ് ബാങ്ക് മുതല്‍ ജുഡീഷ്യറി വരെയുള്ള മേഖലകളില്‍പ്പോലും കൈവക്കാന്‍ മടിക്കാത്ത കേന്ദ്രഭരണം, തെരഞ്ഞെടുപ്പു കമ്മീഷനെ വരുതിയില്‍ നിര്‍ത്തിയെന്നാണു പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി കുറ്റപ്പെടുത്തിയത്. ആ പ്രഖ്യാപനം ശരിയായ നടപടിയായില്ലെന്ന മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍പോലും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജനുവരിയില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച സി.ഇ.ഡിക്ക് നില്‍ക്കക്കള്ളിയില്ലാതെയായി. 2007ലും 2012ലും ഒരേസമയത്താണു തെരഞ്ഞെടുപ്പു നടന്നതെന്നും അവര്‍ അപ്പോഴാണു കണ്ടെത്തിയത്. ഒടുവില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കു പിന്നാലെയാണു പ്രഖ്യാപനം നടന്നത്. കഠിന മഴയെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നുമൊക്കെ നേരത്തെ പറഞ്ഞ മുടന്തന്‍ ന്യായങ്ങളെല്ലാം വിഴുങ്ങി.
13 ദിവസത്തിനുശേഷം തെരഞ്ഞെടുപ്പു കമ്മിഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പതിനും പതിന്നാലിനും വോട്ടിങും 18നു ഫലപ്രഖ്യാപനവും എന്നു പറഞ്ഞ കൂട്ടത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും വിളംബരപ്പെടുത്തി. അതിനിടയില്‍ പ്രധാനമന്ത്രി മോദി മൂന്നുതവണ സംസ്ഥാനത്തു വന്നു കോടികളുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ആറാമതൊരിക്കല്‍ ബി.ജെ.പി ഭരണം ആഗ്രഹിച്ചു സംസ്ഥാന ഗവണ്‍മെന്റും ഒട്ടേറെ വാഗ്ദാനങ്ങള്‍ നാട്ടുകാര്‍ക്കു നല്‍കി.
ഒക്ടോബര്‍ 15ന് അവസാനിക്കത്തക്കവിധം ബി.ജെ.പി ഗുജറാത്തില്‍ ഒരുക്കിയ ഗൗരവ്‌യാത്രയിലെ പ്രഖ്യാപനങ്ങള്‍ക്കു തടസ്സമുണ്ടാക്കാതിരിക്കാനായിരുന്നു രണ്ടാഴ്ചയുടെ ഈ കാലതാമസമെന്നു പകല്‍വെളിച്ചംപോലെ തെളിഞ്ഞു. പ്രധാനമന്ത്രി എന്നപോലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനുള്ള മഹാറാലികള്‍ക്ക് അവസരം ലഭിച്ചു. രണ്ടാഴ്ചക്കിടയില്‍ 11,000 കോടി രൂപയുടെ പദ്ധതികളാണു കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നു പ്രഖ്യാപിച്ചത്.
ഡല്‍ഹിയിലിരിക്കാന്‍ നേരമില്ലാതെ ലോകം ചുറ്റുന്ന പ്രധാനമന്ത്രി മൂന്നു തവണയാണു തന്റെ സംസ്ഥാനത്തെത്തിയത്. അഞ്ചുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തന്നെ ലോക്‌സഭയിലേക്കെത്തിച്ച മണ്ഡലത്തെപ്പോലും തിരിഞ്ഞുനോക്കാത്ത മോദി, ഗുജറാത്തിന്റെ സ്വന്തം പ്രധാനമന്ത്രിയായി.
ഗുജറാത്ത് മോഡല്‍ വികസനമെന്നു പറഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍പോലും ചെന്നു കൈയടികള്‍ വാങ്ങിക്കൊണ്ടിരുന്ന മുന്‍ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയശേഷം മാത്രമാണ് അദ്ദേഹം പിറന്നതെങ്കിലും നാടുനീളെ യാത്രചെയ്തു ലോകമറിയുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം ഇന്നു വളര്‍ന്നുകഴിഞ്ഞു!
വദ്‌നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായക്കച്ചവടം നടത്തിവന്ന പിതാവിനെ സഹായിച്ചു രംഗത്തുവന്ന അദ്ദേഹം, എട്ടാം വയസ്സില്‍ ആര്‍.എസ്.എസ്സില്‍ ചേര്‍ന്നതോടെയാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അടിയന്തരാവസ്ഥക്കാലത്തു ജയില്‍വാസം വരിച്ചു. പുറത്തുവന്ന് ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടി ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ന്ന മോദി നാലുതവണ ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തിലുമെത്തി. 2002 ലെ വര്‍ഗീയ കലാപങ്ങളോടനുബന്ധിച്ച കേസുകളില്‍നിന്ന് ഇനിയും പൂര്‍ണമായും മോചിതനായിട്ടില്ലെങ്കിലും 2014 മുതല്‍ ലോകമറിയുന്ന നേതാവായി അദ്ദേഹം വാണരുളുകയാണ്. അദ്ദേഹത്തെപ്പോലെയോ, അദ്ദേഹം കല്‍പ്പിച്ചരുളി നല്‍കിയ സ്ഥാനത്തിരിക്കുന്ന അമിത് ഷായെ പോലെയോ ഹൈന്ദവ ഭൂരിപക്ഷത്തെ പ്രലോഭിപ്പിക്കാന്‍ കഴിവുള്ള ഒരു നേതാവില്ലാത്തത് ഇപ്പോള്‍ ഗുജറാത്തില്‍ ബി.ജെ.പിക്കു പ്രശ്‌നംതന്നെയാണ്.
ഇലക്ഷന്‍ തീയതി പ്രഖ്യാപനം വൈകിയതുമൂലം കിട്ടിയ കാലയളവു പ്രധാനമന്ത്രി ശരിക്കും ഉപയോഗപ്പെടുത്തി. എട്ടുമണിക്കൂര്‍ യാത്ര ഒരു മണിക്കൂറില്‍ ഒതുക്കാന്‍ സഹായിക്കുമെന്ന വാഗ്ദാനത്തോടെ സൗരാഷ്ട്രയെ വടക്കന്‍ ഗുജറാത്തുമായി ബന്ധിപ്പിക്കുന്ന 650 കോടി രൂപയുടെ ജലപാതയാണ് ഒന്ന്. തുറമുഖ വിഭാഗത്തില്‍ ഒരു കോടിയിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കാനിത് ഉപകരിക്കുമെന്ന് മോദി അറിയിച്ചു. പരുത്തിക്ക് താങ്ങുവിലയിന്മേല്‍ ബോണസ് പ്രഖ്യാപിച്ച് ഗുജറാത്ത് മന്ത്രിസഭക്ക് ഒപ്പം ചേര്‍ന്നു. കേന്ദ്രവും സംസ്ഥാനവും ഗുജറാത്തില്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ 22 എണ്ണം.
തിരഞ്ഞെടുപ്പു പ്രഖ്യാപനം വൈകിയെന്നറിഞ്ഞതോടെ പട്ടേല്‍ സമുദായക്കാര്‍ക്കെതിരായ 468 കേസുകളാണു ഗുജറാത്ത് ഗവണ്‍മെന്റ് ഒറ്റയടിക്കു പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പള വര്‍ധന, മുനിസിപ്പല്‍ ജീവനക്കാരില്‍ മരിച്ച ഒരാളുടെ കുടുംബത്തില്‍ ഒരാള്‍ക്കു ജോലി എന്നിവയും പ്രഖ്യാപിച്ചു. ഇനിയങ്ങോട്ട് ജി.എസ്.ടി അടച്ചാല്‍ മതിയെന്നും പഴയ കണക്കുപുസ്തകങ്ങള്‍ നോക്കില്ലെന്നും വ്യാപാരിസമൂഹത്തെ പ്രലോഭിപ്പിച്ചു. ഖജനാവിനു 700 കോടി രൂപ അധികച്ചെലവുണ്ടാക്കുംവിധം കാല്‍കോടി കര്‍ഷകര്‍ക്ക് ഇളവുകളും പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ഒരു പര്യടനത്തിനു ലഭിച്ച ബഹുജന പിന്തുണയുടെ അടിസ്ഥാനത്തില്‍ ഒരു വിശാല ഐക്യത്തിനുവേണ്ടി കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സംവരണപ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ച ഹാര്‍ദിക് പട്ടേല്‍ എന്ന 24കാരന്‍ പട്ടേല്‍ സമുദായക്കാര്‍ക്കു വൈകിക്കിട്ടിയ ആനുകൂല്യങ്ങളുടെ പേരില്‍ സര്‍ക്കാരിനു പിന്തുണ നല്‍കിയേക്കുമോ എന്ന് കോണ്‍ഗ്രസ് പാളയത്തില്‍ സംശയമില്ലാതില്ല. എങ്കിലും ഭൂരിഭാഗവും തങ്ങളോടൊപ്പം നില്‍ക്കുമെന്നവര്‍ കരുതുന്നു.
പിന്നാക്കക്കാരുടെ നേതാവായ അല്‍വേശ് താക്കൂര്‍ കോണ്‍ഗ്രസ്സില്‍ ചേരാന്‍ തീരുമാനിച്ചതും ഗോരക്ഷകസംഘത്തിന്റെ കൊടിയമര്‍ദനങ്ങള്‍ക്കു തുനയില്‍ പാത്രമായ ദലിതരുടെ യുവനേതാവായ ജിഗ്നേഷ് മെവാനിയും ബി.ജെ.പി അഴിഞ്ഞാട്ടത്തിനെതിരേ പൊരുതി നില്‍ക്കുന്നതും ഗുജറാത്തിലെ കാര്‍മേഘങ്ങള്‍ക്കിടയിലെ വെള്ളിരേഖകളാകുന്നു.
പ്രക്ഷോഭരംഗത്തുള്ള പട്ടേല്‍ സമുദായത്തെ സംഘ്പരിവാര്‍ മുന്നണിയിലേയ്ക്കു ഏണിപ്പടി നല്‍കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അവരെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളിലാണു ബി.ജെ.പി. ഹാര്‍ദിക്കിന്റെ അനുയായികളായ വരുണ്‍ പട്ടേലിനെയും രേഷ്മ പട്ടേലിനെയും അടര്‍ത്തിയെടുക്കാനുള്ള ശ്രമം നടത്തിയതെങ്കിലും വിജയിച്ചില്ല. ബി.ജെ.പിയുമായി സഹകരിക്കാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ഹാര്‍ദിക് പട്ടേലിന്റെ അനുയായി നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തുകയുണ്ടായി. മുന്‍കൂറായി കിട്ടി എന്നുപറഞ്ഞ പത്തുലക്ഷം രൂപ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
അതിനിടയില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ വിവരങ്ങള്‍ പൊലിസ് ചോര്‍ത്തിയെടുത്തു. തൊട്ടുപിന്നാലെ ബി.ജെ.പി എം.എല്‍.എയുടെ വീടാക്രമിച്ചുവെന്നപേരില്‍ ഹാര്‍ദിക് പട്ടേലിന് അറസ്റ്റ് വാറന്റ് അയക്കുകയും ചെയ്തു. മോദിയേയോ അമിത്ഷായെയോ പോലുള്ള ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവ് ഗുജറാത്തില്‍ ബി.ജെ.പിക്കില്ല. അതേസമയം കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ ജയിപ്പിച്ചു കരുത്തു കാട്ടിയ കോണ്‍ഗ്രസ്സിന് പ്രതീക്ഷകള്‍ ഏറെയുണ്ട്.
182 അംഗ നിയമസഭയില്‍ ബി.ജെ.പിക്കു നിലവിലുള്ള 115 സീറ്റ് നിലനിര്‍ത്തിയാല്‍ പോരാ, നില മെച്ചപ്പെടുത്തണം. കോണ്‍ഗ്രസ്സിനാകട്ടെ 61 പേരെ ജയിപ്പിച്ചപ്പോഴും ശങ്കര്‍ ഡിങ്ങ് വഗേലയേയും മറ്റു 17 പേരെയും കൂറുമാറ്റത്തിനു നഷ്ടപ്പെട്ട പരുക്കില്‍നിന്നു മോചനം നേടേണ്ടതുണ്ട്. സമദൂര സിദ്ധാന്തവുമായി ആര്‍ക്കും പിടികൊടുക്കാതെ നില്‍ക്കുകയാണു വഗേല.
ചുരുക്കത്തില്‍ ഒരു മുന്നണിയുടെയും പേരിലല്ലാതെ രണ്ടു പ്രബല കക്ഷികള്‍ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണു ഗുജറാത്തില്‍. ജനപിന്തുണയുണ്ടെന്നു തെളിയിക്കാന്‍ ബഹുജനറാലികള്‍ പലതു നടത്തിയ സംവരണവാദികളായ പട്ടേല്‍മാരില്‍ വലിയ ഒരു വിഭാഗത്തെ കോണ്‍ഗ്രസ് സ്വന്തം ഭാഗത്തേയ്ക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
എണ്‍പതുകളില്‍ മാധവ് സിംഗ് സോളങ്കിയുടെ പ്രതാപത്തില്‍ 182ല്‍ 149 സീറ്റ് നേടിയ കോണ്‍ഗ്രസ് കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ അഹമദ് പട്ടേലിനെ ജയിപ്പിക്കാന്‍ തന്നെ ഏറെ പാടുപെടുകയുണ്ടായി. എന്നാല്‍, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഏതാനും ആഴ്ചമുമ്പ് മധ്യ ഗുജറാത്തില്‍ നടത്തിയ പര്യടനം ബി.ജെ.പിയെ വ്യാകുലപ്പെടുത്തുന്നുണ്ട്. നേരത്തെ ക്ഷത്രിയ-ആദിവാസി-ദലിത്-മുസ്ലിം സമുദായങ്ങളെ ഒപ്പം നിര്‍ത്തി 'ഖാം' എന്ന പേരില്‍ ഉണ്ടാക്കിയ സമവാക്യം പ്രബല സമുദായമായ പട്ടേലരെക്കൂടി ഉള്‍പ്പെടുത്തി 'പഖാം' ആയി വികസിപ്പിക്കാനുള്ള കോണ്‍ഗ്രസ് പരിപാടികള്‍ എത്രമാത്രം വിജയിക്കുമെന്നതിനെ ആശ്രയിച്ചുനില്‍ക്കുന്നു ഗുജറാത്തിന്റെ ഭാവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."