സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വൈകുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: അംഗപരിമിതരായ ആയുര്‍വേദ ഡോക്ടര്‍മാരെ അവകാശപ്പെട്ട 35 സീറ്റുകളിലേക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താത്തതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. പബ്ലിക് സര്‍വിസ് കമ്മിഷന്‍ സെക്രട്ടറിയും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമാണ് വിശദീകരണം നല്‍കേണ്ടത്. പി.എസ്.സി വഴിയുള്ള നിയമനത്തിന് അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ 2012നു ശേഷം ഇതിനു വേണ്ടിയുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല.
2013 ഏപ്രില്‍ 10ന് 0313 നമ്പറായി പി.എസ്.സി ഇറക്കിയ ഉത്തരവാണ് ഇതിന് തടസമായി നില്‍ക്കുന്നത്. അംഗപരിമിതരുടെ അഭാവത്തില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍ ജനറല്‍ മെറിറ്റിലേക്ക് മാറ്റണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ 2015ല്‍ സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗപരിമിതരുടെ ഒഴിവുകളിലേക്ക് സമയബന്ധിതമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് ഉത്തരവിറക്കിയിരുന്നു. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.ഡോ. അജി ആന്റണിയും സംഘവും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബര്‍ ഏഴിന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."