അധികാരത്തര്‍ക്കം: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് സുപ്രിം കോടതി വിമര്‍ശം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കം സംബന്ധിച്ച കേസില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശം.
ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണര്‍ക്കാണ് അധികാരമെന്നതു ശരിയാണെങ്കിലും സര്‍ക്കാര്‍ ഫയലുകള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഓര്‍മിപ്പിച്ചു.
കേസ് ഭരണഘടനാ ബെഞ്ചിനു വിട്ട ശേഷം ഇന്നലെയാണ് വാദം കേള്‍ക്കല്‍ തുടങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ ഡല്‍ഹിയില്‍ ഗവര്‍ണര്‍ക്കാണ് അധികാരമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ കഴിഞ്ഞവര്‍ഷത്തെ വിധിക്കെതിരേയാണ് എ.എ.പി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ലഫ്. ഗവര്‍ണറിലൂടെ തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആരോപണം.
ഭരണഘടനയുടെ 239ാം വകുപ്പ് പ്രകാരം ഡല്‍ഹി ഇപ്പോഴും കേന്ദ്ര ഭരണ പ്രദേശമാണെന്നും ഈ സാഹചര്യത്തില്‍ പൊലിസ്, ഭൂമി, ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇടപെടല്‍ എന്നിവയുടെ കാര്യത്തില്‍ അന്തിമ തീരുമാനം രാഷ്ട്രപതിയുടെ നോമിനിയായ ലഫ്. ഗവര്‍ണര്‍ക്കായിരിക്കുമെന്നും കഴിഞ്ഞവര്‍ഷം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാണ് എ.എ.പി സര്‍ക്കാര്‍ ചോദ്യം ചെയ്തത്. കേന്ദ്ര ഭരണപ്രദേശവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രിം കോടതി ഇടപെടുന്നതുസംബന്ധിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ 131 വകുപ്പിനു കീഴില്‍ ഈ കേസ് വരുമോ എന്നാണ് ഈ വിഷയത്തില്‍ ബെഞ്ച് പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."