സിമന്റ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹകരണ മേഖല; 10 ശതമാനം വിലകുറച്ച് നല്‍കും
തൊടുപുഴ: നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹകരണ മേഖല ഇടപെടുന്നു. ആദ്യപടിയായി സിമന്റ് പത്ത് ശതമാനം വിലകുറച്ച് നല്‍കാനാണ് തീരുമാനം.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് കമ്പനിയുടെ ഉത്പന്നമായ മലബാര്‍ സിമന്റാണ് പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വിലകുറച്ച് നല്‍കുന്നത്. കമ്പി അടക്കമുള്ള മറ്റ് സാമഗ്രികളും വൈകാതെ ലഭ്യമാക്കും. കൂടുതല്‍ സഹകരണ സംഘങ്ങള്‍ മലബാര്‍ സിമന്റ്‌സിന്റെ ഡീലര്‍ഷിപ്പ് ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങള്‍ക്ക് മലബാര്‍ സിമന്റ്‌സിന്റെ ഡീലര്‍ഷിപ്പ് എടുക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സംഘങ്ങള്‍ വിതരണം ചെയ്യുന്ന സമിന്റ് ന്യായവിലയ്ക്കാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍(ജനറല്‍)ഉറപ്പുവരുത്തേണ്ടതാണ്. സഹകരണ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് മലബാര്‍ സിമന്റിന്റെ ഡീലര്‍ഷിപ്പ് -സ്റ്റോക്കിസ്റ്റായി പ്രവര്‍ത്തിക്കാനുള്ള അനുമതി കാലതാമസം കൂടാതെ നല്‍കേണ്ടതാണ്.
മാര്‍ക്കറ്റിംഗ് -റബര്‍ മാര്‍ക്കറ്റിംഗ്, പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകള്‍, ഹൗസിംഗ് സഹകരണ സംഘങ്ങള്‍ എന്നിവയുടെ യോഗം വിളിച്ചുചേര്‍ത്ത് സിമിന്റ് കമ്പനിയുടെ പ്രതിനിധികള്‍ക്ക് വിശദാംശങ്ങള്‍ അറിയിക്കുന്നതിനുള്ള സൗകര്യം ജോയിന്റ് രജിസ്ട്രാര്‍മാര്‍ ഏര്‍പ്പെടുത്തണം. നിലവില്‍ 20ഓളം സംഘങ്ങള്‍ മലബാര്‍ സിമന്റിന്റെ ഡീലര്‍മാരാണ്.
ഡീലര്‍ഷിപ്പ് ലഭിക്കുന്ന സംഘങ്ങള്‍ സമര്‍പ്പിക്കുന്ന അധിക ജീവനക്കാരെ നിയമിക്കാനുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും നിലവിലുള്ള ജീവനക്കാരെക്കൊണ്ട് തന്നെ ഈ ജോലി ചെയ്യിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ പല റബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളും നിലവില്‍ പ്രവര്‍ത്തനം നിലച്ച മട്ടാണ്.
മൂവാറ്റുപുഴ അടക്കമുള്ള റബ്ബര്‍ മാര്‍ക്കറ്റിംഗ് സംഘങ്ങളില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. ഈ സംഘങ്ങളിലെ വലിയ ഗോഡൗണുകള്‍ നിലവില്‍ ഉപയോഗശൂന്യമാണ്. പുതിയ തീരുമാനം ഇത്തരം സംഘങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും.
പൊതുവിപണിയില്‍ നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.
കുതിച്ചുയരുന്ന സിമന്റ് വില നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നിരവധി എം.എല്‍.എ മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയ സാഹചര്യത്തിലാണ് സഹകരണ വകുപ്പിന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."