കലാവസ്തുക്കളുടെ ലേലം: ബിനാലെ നാലാംപതിപ്പിന് കിട്ടിയത് രണ്ടേമുക്കാല്‍ കോടി
കൊച്ചി: അടുത്ത വര്‍ഷം ഡിസംബറില്‍ നടക്കുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാംപതിപ്പിനായി നടന്ന ലേലത്തില്‍ 2.75 കോടി രൂപ സമാഹരിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കലാ സൃഷ്ടികള്‍ ലേലം നടത്തുന്ന സാഫ്രണാര്‍ട്ടുമായി ചേര്‍ന്ന് മുംബൈയിലാണ് ലേലം നടത്തിയത്. നടത്തിപ്പിനുള്ള മൂലധനം സ്വരൂപിക്കാനായി സംഘടിപ്പിച്ച ലേലം പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണു നേടിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംഭാവനയായാണ് കലാസൃഷ്ടികള്‍ ലേലത്തിനു ലഭിച്ചത്. പ്രശസ്ത ചിത്രകാരി അമൃത ഷെര്‍ഗിലിന്റെ ശീര്‍ഷകമില്ലാത്ത രചന 49 ലക്ഷം രൂപയാണ് ലേലത്തിലൂടെ നേടിക്കൊടുത്തത്.
ഷെര്‍ഗിലിന്റെ തന്നെ 1927ലെ സെല്‍ഫ് പോര്‍ട്രെയ്റ്റ് 23 ലക്ഷം നേടുകയും ചെയ്തു. 2015ല്‍ മുംബൈയില്‍ നടത്തിയ ആദ്യ വിഭവസമാഹരണ ലേലം 2.30 കോടി രൂപ സമാഹരിച്ചിരുന്നു. ഈ തുക ബിനാലെ മൂന്നാം പതിപ്പിനായാണ് ചെലവഴിച്ചത്.
ലേലത്തില്‍ കലാകാരന്മാരും ആര്‍ട്ട് കലക്ടര്‍മാരും ഗാലറിസ്റ്റുകളുമുള്‍പ്പെടെയുള്ളവര്‍ ബിനാലെയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടത്തോടെ എത്തുകയായിരുന്നു. തല്‍സമയലേലത്തിനു പുറമെ ഓണ്‍ലൈന്‍ ആയും പങ്കെടുക്കാന്‍ സാഫ്രണാര്‍ട്ടിന്റെ ആപ് വഴി അവസരമൊരുക്കിയിരുന്നു.
സുബോധ് ഗുപ്തയുടെ, ഉരുക്ക് പ്രതിഷ്ഠാപനം ലേലത്തിനുവച്ചപ്പോള്‍ 25 ലക്ഷം രൂപയാണു ലഭിച്ചത്. ലേലത്തില്‍ വച്ച 41 ചിത്രകാരന്മാരുടെ രചനകളില്‍ 98 ശതമാനവും വില്‍ക്കാന്‍ സാധിച്ചു. മലയാളി ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്കും ആവശ്യക്കാരേറെയായിരുന്നു. ടി. വി സന്തോഷിന്റെ എണ്ണച്ഛായാ ചിത്രം 'അപ് ലോഡ്‌സ് ഓഫ് എ സര്‍വൈവര്‍ 3', സി ഭാഗ്യനാഥിന്റെ കരിയിലെഴുതിയ ചിത്രം 'സീക്രട്ട് ഡയലോഗ്', ബെനിത പെഴ്‌സിയാലിന്റെ ദാരു ശില്‍പം 'ഐ ടുക് നോ ജേര്‍ണി അദര്‍ ദാന്‍ റിട്ടേണ്‍', പി.എസ് ജലജയുടെ ജലച്ഛായാചിത്രം 'സ്റ്റുഡിയോ വിസിറ്റ്', കെ പി റെജിയുടെ എണ്ണച്ഛായാ ചിത്രം 'ബ്ലൂ ഫ്‌ളാഗ്', ശോശ ജോസഫിന്റെ എണ്ണച്ഛായാ ചിത്രം 'പ്രോഫിറ്റീഴേസ്', വിവേക് വിലാസിനിയുടെ സൃഷ്ടി 'റിക്രൂട്ടിങ് സ്റ്റേഷന്‍', ജിജി സ്‌കറിയയുടെ പെന്‍സില്‍ ചിത്രം 'ഓണ്‍ ദി ടോപ്പ് ഓഫ് അരാരത് 2' എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇറ്റലിയില്‍നിന്നുള്ള സമകാലിക ചിത്രകാരനായ ഫ്രാന്‍സിസ്‌കോ ക്ലെമന്റ് ആണ് ലേലത്തില്‍ ഇടംപിടിച്ച ഏക വിദേശ കലാകാരന്‍. അസെന്‍ഡിങ് എന്നു പേരിട്ട അദ്ദേഹത്തിന്റെ സൃഷ്ടിക്ക് ലേലത്തില്‍ 14 ലക്ഷം രൂപ നേടാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."