കൊറിയന്‍ മിസൈലുകള്‍ തകര്‍ക്കാന്‍ ജപ്പാന് ശേഷിയുണ്ടെന്ന് ട്രംപ്
ടോക്കിയോ: ഉത്തരകൊറിയയുടെ മിസൈലുകള്‍ അവരുടെ ആകാശപരിധിയില്‍വച്ചുതന്നെ തകര്‍ക്കാന്‍ ജപ്പാന് ശേഷിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്നു വാങ്ങിയ ആയുധങ്ങളും സംവിധാനങ്ങളുമുപയോഗിച്ച് ജപ്പാന് അതു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമെങ്കില്‍ മിസൈലുകള്‍ തടുത്തുനിര്‍ത്താന്‍ തങ്ങള്‍ക്കാകുമെന്നു പറഞ്ഞ ജപ്പാന്‍ പ്രധാനമന്ത്രി ഷിനന്‍സോ ആബേ, അമേരിക്കയുമായി ആയുധക്കരാറിനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. കഴിഞ്ഞ മാസങ്ങളിലായി രണ്ടുതവണ ഉത്തരകൊറിയ ജപ്പാനിലേക്കു മിസൈല്‍ വിക്ഷേപിച്ചിരുന്നു.
ആണവായുധ വിഷയത്തില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ഇടഞ്ഞുനില്‍ക്കുന്ന ഉത്തരകൊറിയ, തങ്ങളെ അക്രമിച്ചാല്‍ അമേരിക്കയെന്ന രാജ്യത്തെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുമെന്നും വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
അമേരിക്കയില്‍ നിന്നു വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങാന്‍ ജപ്പാന്‍ തയാറെടുക്കുന്നതായും ട്രംപ് വ്യക്തമാക്കി.
എന്നാല്‍, ട്രംപിന്റെ സന്ദര്‍ശനത്തിനിടെ അമേരിക്കയുമായി പുതിയ ആയുധക്കരാറില്‍ ജപ്പാന്‍ ഒപ്പുവച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമല്ല. ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളവും വിവിധ അമേരിക്കന്‍ വ്യാപാരികളെയും ട്രംപ് സന്ദര്‍ശിച്ചു.12 ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."