പാരഡൈസ് പേപ്പേഴ്‌സ്: ആപ്പിളിന്റെ നികുതി വെട്ടിപ്പും പുറത്ത്
ലണ്ടന്‍: ലോകത്തെ വന്‍ രാഷ്ട്രീയ വൃത്തങ്ങളെയും ഉന്നതരെയും വെട്ടിലാക്കിയ പാരഡൈസ് പേപ്പേഴ്‌സിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളില്‍ പകച്ച് കോര്‍പറേറ്റുകളും. ആഗോള ഐ.ടി ഭീമനായ ആപ്പിളും നികുതി വെട്ടിച്ചതായാണു പുതിയതായി പുറത്തുവരുന്ന വിവരങ്ങള്‍.
നാലു വര്‍ഷം മുന്‍പുള്ള വന്‍ നികുതി വെട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അമേരിക്കയിലെ കോര്‍പറേറ്റ് നികുതിയില്‍നിന്നു രക്ഷപ്പെടാനായി ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി ഇംഗ്ലണ്ടിനു കീഴിലുള്ള ദ്വീപ്‌രാജ്യമായ ജേഴ്‌സിയില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങിയതായാണു വിവരം.
കമ്പനിയുടെ 125 ബില്യന്‍ ഡോളറിന്റെ ലാഭതുക ഈ സ്ഥാപനങ്ങളിലേക്കു മാറ്റുകയായിരുന്നു. കോര്‍പറേറ്റ് നികുതി ചുമത്താത്ത സ്വയം ഭരണ പ്രദേശമാണ് ജേഴ്‌സി. 2013ല്‍ ഇതേ ആരോപണങ്ങള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി ഉയര്‍ത്തിയിരുന്നെങ്കിലും കമ്പനി വൃത്തങ്ങള്‍ ഇതു ശക്തമായി നിഷേധിച്ചിരുന്നു.
2016 ഓഗസ്റ്റില്‍ യൂറോപ്യന്‍ കമ്മിഷന്‍ സമിതി നടത്തിയ അന്വേഷണത്തില്‍ അയര്‍ലന്‍ഡ് ആപ്പിളിന് നികുതി ഇളവുകള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ 13 ബില്യന്‍ യൂറോയും ഒരു ബില്യന്‍ യൂറോ പലിശയുമടക്കം ആപ്പിള്‍ അയര്‍ലന്‍ഡിന് നികുതി തിരിച്ചടക്കണമെന്നും ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ മാസം തുക അയര്‍ലന്‍ഡ് കൈപ്പറ്റിയിട്ടില്ലെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് ഇ.യു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പുതിയതായി പുറത്തുവന്ന രേഖകളില്‍ എഫ് വണ്‍ താരം ലൂയി ഹാമില്‍ട്ടനും നികുതി വെട്ടിപ്പ് നടത്തിയതായി വെളിപ്പെടുത്തലുണ്ട്. 16.5 ബില്യന്‍ യൂറോ വിലവരുന്ന ആഡംബര വിമാനത്തിന്റെ നികുതി വെട്ടിച്ചതായാണ് ആരോപണം.
ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി, യു.എസ് ധനകാര്യ സെക്രട്ടറി വില്‍ബര്‍ റൂസ്, ജോര്‍ദാന്‍ രാജ്ഞി, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മുഖ്യ ഉപദേഷ്ടാവ് തുടങ്ങിയവരുടെ നികുതി വെട്ടിപ്പുവിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ടത് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."