'എന്തിനാണ് ധോണിക്കെതിരെ വിരല്‍ ചൂണ്ടുന്നത്'- മുന്‍ നായകന് പ്രതിരോധം തീര്‍ത്ത് കോഹ്‌ലി
രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിരാട് കോഹ്‌ലി രംഗത്ത്. ധോണിക്കെതിരെ ഇപ്പാേഴുയരുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തോടുള്ള നീതി കേടാണെന്ന് ഇന്ത്യന്‍ നായകന്‍ പ്രതികരിച്ചു.
'അദ്ദേഹത്തിനെതിരെ ആളുകള്‍ വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഞാന്‍ മൂന്നു തവണ പരാജയപ്പെട്ടാലും ആരും ഒന്നും പറയില്ല. 35 വയസ് കഴിയാത്തത് കൊണ്ടാണത്. ധോണി പൂര്‍ണ്ണ ആരോഗ്യവാനാണ്. എല്ലാ ഫിറ്റ്‌നെസ് പരിശോധനകളിലും അദ്ദേഹം പാസായിട്ടുണ്ട്. അദ്ദേഹം എല്ലാ നിലക്കും ടീമിന് സംഭാവനകള്‍ നല്‍കുന്നുണ്ട്. ധോണിയുടെ തന്ത്രങ്ങള്‍ എല്ലാ നിലയ്ക്കും ടീമിന് ഉപകാരപ്പെടാറുണ്ട്. ശ്രീലങ്കയ്ക്കും ആസ്‌ത്രേലിയക്കുമെതിരെ മികച്ച ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഈ പരമ്പരയില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ അധികം സമയം കിട്ടിയിട്ടില്ല'.- കോഹ്‌ലി പറഞ്ഞു.
അദ്ദേഹം ബാറ്റ് ചെയ്യാന്‍ വരുന്ന പൊസിഷന്‍ നിങ്ങള്‍ ആലോചിക്കണം. ഹാര്‍ദിക് പാണ്ഡ്യക്ക് പോലും ആ മത്സരത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് നമ്മള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. രാജ്‌കോട്ട് ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും വേഗം ഔട്ടായിരുന്നു. ഇങ്ങനെ ഒരാളെ മാത്രം വേട്ടയാടുന്നത് ശരിയല്ലെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടി.
ആളുകള്‍ കുറച്ചുകൂടെ ക്ഷമ കാണിക്കണം. സ്വന്തം കളി എന്താണെന്ന് നല്ലബോധ്യമുള്ള താരമാണ് അദ്ദേഹം. ധോണിയുടെ കാര്യം മറ്റുള്ളവര്‍ തീരുമാനിക്കേണ്ടതില്ലെന്നും കോഹ്‌ലി പറയുന്നു.
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പര വിജയത്തിന് ശേഷം പ്രതികരിക്കുമ്പോഴായിരുന്നു കോഹ്‌ലി മുന്‍ നായകനെ പ്രതിരോധിച്ചത്.
മത്സരത്തില്‍ ധോണിയുടെ ഇഴഞ്ഞു നീങ്ങിയുള്ള കളിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണിയുടെ സമയം കഴിഞ്ഞെന്നും യുവാക്കള്‍ക്ക് വഴിമാറണമെന്നും അഗാര്‍ക്കറും ലക്ഷ്മണും ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."