ബോംബേറു നടന്ന ആര്.എസ്.എസ് കാര്യാലയത്തിലും ബോംബ്
കൂത്തുപറമ്പ്: കഴിഞ്ഞ ദിവസം ബോംബേറുണ്ടായ ആര്.എസ്.എസ് കാര്യാലയത്തില്‍ പൊലിസ് നടത്തിയ തിരച്ചിലില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ പൊലിസും ബോംബ് സ്ക്വാഡും ചേര്‍ന്ന് നടത്തിയ റെയ്ഡിനിടെയാണ് കാര്യാലയത്തിന്റെ ടെറസില്‍ നിന്ന് രണ്ടു നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്.
ഇവ പിന്നീട് സ്റ്റേഷനിലെത്തിച്ച് നിര്‍വീര്യമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഈ കാര്യാലയത്തിനു നേരെ ബോംബേറുണ്ടായിരുന്നു. സ്റ്റീല്‍ ബോംബുകള്‍ പൊട്ടി കാര്യാലയത്തിന്റെ മുന്‍വശത്തെ ഇരിപ്പിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സമീപത്തെ ശ്രീ നാരായണ സേവാ മന്ദിരത്തിനു നേരെയും അക്രമമുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് ആര്.എസ്.എസ് ആരോപണം.
ആര്.എസ്.എസ് കാര്യാലയത്തിനു നേരെ ബോംബേറ് നടന്നതില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകളുടെ ആഹ്വാന പ്രകാരം ഇന്നലെ കൂത്തുപറമ്പ് നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."