വാട്ടര്‍ അതോറിറ്റി എം.ഡി ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ഹാജരാകാതിരുന്ന കേരള വാട്ടര്‍ അതോറിറ്റി എം.ഡി ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
ജനോറം ജലവിതരണ പദ്ധതിയുടെ കരാറുകാരായിരുന്ന ചെന്നൈയിലെ എന്‍ജിനീയറിങ് പ്രൊജക്ട്സ് ഇന്ത്യ ലിമിറ്റഡിന് കരാര്‍ തുക പുതുക്കി നിശ്ചയിച്ചു നല്കാന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പാലിച്ചില്ലെന്ന് കാണിച്ച് കമ്പനിയുടെ സീനിയര്‍ മാനേജര്‍ ശ്രീനേഷ് കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു. ഹരജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ നവംബര്‍ 13 ന് ഷൈനമോള്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതു ഭേദഗതി ചെയ്യണമെന്ന ആവശ്യം കണക്കിലെടുത്താണ് ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യം തീരുമാനിക്കുമ്പോള്‍ അസൗകര്യമൊന്നും ചൂണ്ടിക്കാട്ടിയില്ല. പക്ഷേ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ എം.ഡി ഹാജരായില്ല. കോടതി നിര്‍ദേശിച്ചിട്ടും ഹാജരാകാതിരുന്നത് നീതീകരിക്കാനാവില്ല. എം.ഡി ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടുകയല്ലാതെ കോടതിക്ക് മറ്റു വഴിയില്ല. ഇതിനാല്‍ ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയാണെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നവംബര്‍ 15 ന് രാവിലെ 10.15 ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."