ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നത് ആശങ്കാജനകം: മന്ത്രി ശൈലജ
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആത്മഹത്യാ പ്രവണത കൂടി വരുന്നെന്ന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം വളരെയധികം മുന്നിലാണെങ്കിലും മാനസികാരോഗ്യത്തിന് വളരെ പ്രധാന്യം കല്‍പ്പിക്കാത്തതാണ് ഈയൊരവസ്ഥയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. കേരള ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ദേശീയ വൈദ്യശാസ്ത്ര ഗവേഷണ സമ്മേളനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാരീരിക പ്രശ്‌നത്തിന് ചികിത്സ തേടുന്നത് പോലെ ബഹുഭൂരിപക്ഷവും മാനസികാരോഗ്യത്തിന് ചികിത്സ തേടാറില്ല. ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ആശ്വാസ് പദ്ധതി നടപ്പാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തന്നെ ഇത് പരിശോധിച്ച് കണ്ടെത്താനും കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുതലുള്ള ആശുപത്രികളില്‍ ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ സര്‍വകലാശാല ഡീന്‍ ഡോ. ഹരികുമാരന്‍ നായര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പ്രഭാഷണം നടത്തി.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഐ.ജി. പി. വിജയന്‍, വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. പോള്‍ റസല്‍, ബംഗളൂരു നിംഹാന്‍സിലെ ഡോ. ജയസൂര്യ എന്നിവര്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."