കിണറ്റില്‍ വീണ മുനീറിനെ സാഹസികമായി കരക്കെത്തിച്ചു; നടുക്കമായി വിയോഗവാര്‍ത്ത
പള്ളിക്കല്‍: കഴിഞ്ഞദിവസം മരണപ്പെട്ട പള്ളിക്കല്‍ അമ്പലവളവ് സ്വദേശി മുനീറി(33) നെ അതിസാഹസികമായാണ് രണ്ട് വിദ്യാര്‍ഥികള്‍ ജീവനോടെ കരക്കെത്തിച്ചിരുന്നത്. മുനീര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. വിദ്യാര്‍ഥികളായ ഇര്‍ഷാദ് (22), ഇസ്ഹാഖ് (22) എന്നിവരാണ് പൊലിസ് സ്റ്റേഷന് സമീപത്തുള്ള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന്റെ 70 അടി താഴ്ചയുള്ള കിണറ്റില്‍ വീണ മുനീറിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ജീവനോടെ കരക്കെത്തിച്ചിരുന്നത്. 20 അടിയോളം കിണറ്റില്‍ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് സ്റ്റേഷനിലെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.
വാഹനപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലുള്ള സുഹൃത്തിനെ കാണാനെത്തിയ യുവാവ് സ്റ്റേഷനകത്ത് കോളജ് വിദ്യാര്‍ഥികളുടെ തിരക്ക് കാരണം അടുത്തുള്ള കിണറിന്‍ കരയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറിലേക്ക് വീഴുകയായിരുന്നു. യുവാവ് കിണറിലേക്ക് വീഴുന്നത് കണ്ട് പരിസരത്തുള്ളവര്‍ ബഹളംവച്ചതോടെ ഓടിയെത്തിയ ഇര്‍ഷാദും ഇസ്ഹാഖും ഞൊടിയിടയില്‍ കല്‍പടവിലൂടെ കിണറിലിറങ്ങി സഹവിദ്യാര്‍ഥികളുടെ സഹായത്തോടെ ഏറെ സാഹസികമായാണ് യുവാവിനെ കരക്കെത്തിച്ചത്. കിണറില്‍ നിന്നും ഈ രണ്ട് വിദ്യാര്‍ഥികള്‍ കര കയറും മുന്‍പെ പരിസരത്തുണ്ടായിരുന്നവര്‍ മുനീറിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒരു ജീവന്‍ രക്ഷിക്കാനായ സംതൃപ്തിയില്‍ നില്‍ക്കവെ മുനീറിന്റെ മരണ വിവരം ഈ വിദ്യാര്‍ഥികളില്‍ ഏറെ നടുക്കമുളവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."