അശാസ്ത്രീയ മത്സ്യബന്ധനം: തീരദേശ മേഖല സംഘര്‍ഷത്തിലേക്ക്
നീലേശ്വരം: അശാസ്ത്രീയ മത്സ്യബന്ധനം ആരംഭിച്ചതിനെ തുടര്‍ന്നു തീരദേശ മേഖല സംഘര്‍ഷത്തിലേക്ക്. കന്യാകുമാരിയില്‍ നിന്നെത്തിയ മീന്‍പിടുത്തക്കാരാണ് തൈക്കടപ്പുറം അഴിത്തല മേഖലയിലെ ആഴക്കടലില്‍ പോയി കൂന്തല്‍ മത്സ്യം പിടിക്കുന്നത്.
ഉപയോഗിച്ചു തള്ളിയ പ്ലാസ്റ്റിക് വലകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, കുലച്ചില്‍ എന്നിവ ഉപയോഗിച്ചാണു മീന്‍പിടുത്തം. ആഴക്കടലില്‍ ഇവ വൃത്താകൃതിയില്‍ വിന്യസിച്ചാണ് കൂന്തല്‍ കൂട്ടത്തെ ആകര്‍ഷിക്കുന്നത്. മുട്ടയിടാനെത്തുന്ന മീന്‍കൂട്ടം ഇവരുടെ പിടിയിലാകുന്നു.
പത്തോളം തോണികളില്‍ പുലര്‍ച്ചെ പുറപ്പെടുന്ന സംഘം പുറംകടലില്‍ പോയി മീന്‍കെണി വച്ചു തിരികെ വന്നു വീണ്ടും പോയാണ് കൂന്തല്‍ പിടിക്കുന്നത്. വലിയ കൂന്തല്‍ നൂറു കണക്കിനാണു ഇവര്‍ കൊണ്ടുവരുന്നത്. ഇവ കരക്കെത്തുമ്പോഴേക്കും മോഹവില കൊടുത്തു വാങ്ങാന്‍ ഏജന്റുമാരും തയാറാണ്. മുട്ടയിടാന്‍ എത്തുന്ന കൂന്തല്‍കൂട്ടത്തെ പിടിക്കുന്നത് ഈയിനത്തിന്റെ വംശനാശത്തിനു കാരണമാകുമെന്നു പറയുന്നു.
ഉപയോഗശേഷം ഇവര്‍ കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് വലകളില്‍ കടലാമകളും കുരുങ്ങി ചത്തു കരക്കടിയുന്നു. ഇത്തരം അശാസ്ത്രീയ മീന്‍പിടുത്തം തടയാന്‍ ഫിഷറിസ് വകുപ്പ് കര്‍ശന നടപടിയെടുക്കണമെന്നു നാട്ടുകാരായ മീന്‍തൊഴിലാളികള്‍ പറയുന്നു. ഇതിന്റെ പേരില്‍ നേരത്തെ ഇവിടെ നാട്ടുകാരും അന്യനാട്ടുകാരായ മീന്‍തൊഴിലാളികളും തമ്മില്‍ സംഘര്‍ഷവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."