ഐ.എസുമായി അഫ്ഗാനില്‍ യു.എസിന് രഹസ്യ ധാരണയെന്ന് കര്‍സായി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനിക ഇടപെടല്‍ നടത്തുന്ന യു.എസിനെതിരേ ശക്തമായ ആരോപണങ്ങളുമായി മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ഐ.എസുമായി അഫ്ഗാനിസ്ഥാനില്‍ യു.എസ് രഹസ്യ ധാരണയിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹമീദ് കര്‍സായി ആരോപിച്ചു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍സായി ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
അഫ്ഗാനിസ്ഥാനില്‍ ഐ.എസിന് പ്രവര്‍ത്തിക്കാനുള്ള അനുമതി യു.എസ് നല്‍കിയിട്ടുണ്ടെന്നും വളര്‍ച്ചക്കുള്ള സൗകര്യങ്ങള്‍ യു.എസ് ഏര്‍പ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ എല്ലാവിധ ജാഗ്രതയും രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടും ഐ.എസ് വളരുകയാണ്. ഭീകരവാദത്തിന്റെ കെടുതികള്‍ രൂക്ഷമായതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അഫ്ഗാനിലെ ജനങ്ങള്‍ നിരവധി പീഡനങ്ങള്‍ സഹിക്കുന്നു. അവര്‍ 'ഉച്ചത്തില്‍ കരഞ്ഞു'. പക്ഷെ ഒന്നും സംഭവിച്ചില്ല.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ട്രംപിന്റെ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഐ.എസിന്റെ പ്രദേശങ്ങള്‍ ഒഴിവാക്കി. അതിനാല്‍ അടുത്ത ദിവസം തന്നെ ഐ.എസുകാര്‍ സമീപ ജില്ലയിലേക്ക് അവരുടെ കേന്ദ്രം മാറ്റി. ഇത് തെളിയിക്കുന്നത് യു.എസും ഐ.എസും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് കര്‍സായി പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന അക്രമങ്ങള്‍ അന്വേഷിക്കാനുള്ള തീരുമാനത്തെ കര്‍സായി സ്വാഗതം ചെയ്തു. അഫ്ഗാനിലെ അക്രമങ്ങള്‍ അന്വേഷിക്കുന്ന അന്താരാഷ്ട്ര കോടതി ചീഫ് പ്രോസിക്യൂട്ടര്‍ ഫത്തോ ബെന്‍സോദക്ക് ഇത്തരമൊരു അന്വേഷണം നടത്തുന്നതില്‍ അവകാശമുണ്ടെന്ന് കര്‍സായി വ്യക്തമാക്കി.
തന്റെ ഭരണകാലത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നുവെന്ന് കര്‍സായി സമ്മതിച്ചു. യു.എസ്, അഫ്ഗാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. ഏത് അന്വേഷണങ്ങള്‍ക്കും എല്ലാവിധ പിന്തുണയും നല്‍കും. അഫ്ഗാനില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണ കമ്മിറ്റികളോട് ആവശ്യപ്പെടുകയാണെന്നും കര്‍സായി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."