കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റിന് തിരിച്ചടി
കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സര്‍വിസുകള്‍ നടത്തുന്നതിന് വിമാന കമ്പനികളില്‍ നിന്നുള്ള ടെന്‍ഡര്‍ ഫെബ്രുവരിയില്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതോടെ കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റിന് തിരിച്ചടിയായി. കരിപ്പൂരില്‍ ബോയിങ് 777-200 വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള റണ്‍വേ ആന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മാണം വൈകുന്നതാണ് കരിപ്പൂരിന്റെ സാധ്യതയ്ക്ക് തിരിച്ചടിയായത്. ഫെബ്രുവരി രണ്ടാം വാരത്തിലാണ് ഹജ്ജ് സര്‍വിസുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 12ന് തെരഞ്ഞെടുത്ത വിമാന കമ്പനികള്‍ ഹജ്ജ് വിമാന സമയ ഷെഡ്യൂള്‍ പുറത്തിറക്കും.
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റിസ നിര്‍മാണത്തിനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ)ഇതുവരെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടില്ല. റിസ പ്രവൃത്തികളുടെ രൂപരേഖ ഡി.ജി.സി.എയ്ക്ക് സമര്‍പ്പിച്ചിട്ട് രണ്ടുമാസത്തിലേറെയായി. റണ്‍വേയില്‍ ലൈറ്റിങ് ക്രമീകരണങ്ങള്‍ മാറ്റി റിസ ഏരിയ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് അതോറിറ്റി തയാറാക്കിയത്. അടുത്ത മാസത്തോടെ നിര്‍മാണം ആരംഭിക്കാനാണ് അതോറിറ്റിയുടെ ശ്രമം. എന്നാല്‍ അനുമതി ലഭിക്കാന്‍ കാലതാമസമെടുക്കുന്നത് നിര്‍മാണം അനിശ്ചിതമായി വൈകാനിടയാക്കും. അനുമതി ലഭിച്ചാലും റിസ നിര്‍മാണം പൂര്‍ത്തിയാവാന്‍ ആറ് മാസത്തോളമെടുക്കും. പൂര്‍ത്തിയായതിന് ശേഷം വീണ്ടും ഡി.ജി.സി.എ പരിശോധിച്ചതിന് ശേഷമെ ബോയിങ് 777-200 വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളൂ.
കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരിയില്‍ സഊദി എയര്‍ലെന്‍സ് നടത്തിയ വിമാനങ്ങള്‍ ഈ രീതിയിലുള്ള വിമാനങ്ങളായതിനാല്‍ കരിപ്പൂരില്‍ ഹജ്ജ് സര്‍വിസ് വീണ്ടെടുക്കാനാവും. എന്നാല്‍ ഫെബ്രുവരിയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് സര്‍വിസ് നടത്താന്‍ വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഉള്‍പ്പെടുത്താനാവില്ല.
90 മീറ്റര്‍ വീതിയുള്ള റിസയുടെ വിസ്തൃതി 240 മീറ്ററാക്കാനാണ് തീരുമാനം. റിസയുടെ പുനര്‍നിര്‍മാണം കഴിയുന്നതോടെ നിലവിലുള്ള റണ്‍വേയുടെ ദൈര്‍ഘ്യം 2700 മീറ്ററായി കുറയും. റിസ ഏരിയ വികസനം റണ്‍വേയില്‍ വലിയ വൈദ്യുതപ്രവൃത്തികള്‍ക്കും അനുബന്ധ സിവില്‍ പ്രവൃത്തികള്‍ക്കുമൊപ്പം റണ്‍വേയില്‍ ലൈറ്റിങ്് സംവിധാനത്തിലും മാറ്റം വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."