മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്രകൂട്ട് മണ്ഡലത്തില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ ഇവിടെ 14,133 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലാന്‍ഷു ചതുര്‍വേദി ജയിച്ചത്.
ബി.ജെ.പിയുടെ ശങ്കര്‍ ദയാല്‍ ത്രിപാഠിയെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. ചതുര്‍വേദി 66,810 വോട്ടുകള്‍ നേടിയപ്പോള്‍ ത്രിപാഠിക്ക് 52,677 വോട്ടുകളാണ് നേടാനായത്. നോട്ടയ്ക്ക് 2,455 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 12 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ നിയമസഭാ സാമാജികനായിരുന്ന പ്രേംസിങ് കഴിഞ്ഞ മെയ് മാസത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. 1998, 2003, 2013 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇവിടെനിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ പ്രേംസിങ് തന്നെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2013ല്‍ പ്രേംസിങ്ങിന്റെ ഭൂരിപക്ഷം 10,970 വോട്ടുകളായിരുന്നു. 2008ല്‍ മാത്രം അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ഥി സുരേന്ദ്ര സിങ് ഗര്വാറിനോടു കുറഞ്ഞ വോട്ടുകള്‍ക്കു പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജനാധിപത്യത്തില്‍ ജനങ്ങളാണ് അവസാന വാക്കെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍, ജനങ്ങള്‍ക്കു നന്ദി അറിയിച്ചു.
ഉത്തരേന്ത്യയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലടക്കം പാര്‍ട്ടി മുന്നേറ്റം നടത്തുന്നതു കോണ്‍ഗ്രസിനു ചെറുതല്ലാത്ത പ്രതീക്ഷയാണ് നല്‍കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടത്തുന്ന റാലികള്‍ക്ക് വന്‍ ജനാവലിയാണ് ഒഴുകിയെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."