യു.ഡി.എഫ് സിഗ്നേച്ചര്‍ കാംപയിന്‍ മലപ്പുറത്ത് പങ്കാളികളായത് 11 ലക്ഷത്തിലധികം പേര്‍
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരേ ഒരു കോടി ഒപ്പുകള്‍ എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സിഗ്നേച്ചര്‍ കാംപയിനിന്റെ ഭാഗമായി മലപ്പുറത്ത് ശേഖരിച്ച ഒപ്പുകള്‍ കൈമാറി. പടയൊരുക്കത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇവ കൈമാറിയത്. ലക്ഷക്കണക്കിനു പേരാണ് ഇതുവരെ ഇതില്‍ പങ്കാളികളായത്. മലപ്പുറം ജില്ലയില്‍നിന്നുമാത്രം 11,22,534 പേര്‍ കാംപയിനിന്റെ ഭാഗമായതായി യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ ലത്തീഫ് എന്നിവര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ ബൂത്തുകളിലും കാംപയിനിന്റെ ഭാഗമായി ഒപ്പു ശേഖരണം നടക്കുന്നുണ്ട്. 24,000 ത്തോളം ബൂത്തുകളാണ് കേരളത്തിലുള്ളത്. ഇവിടെയെല്ലാം പ്രത്യേകം ചുമതലപ്പെടുത്തിയവരുടെ നേതൃത്വത്തിലാണ് ഒപ്പു ശേഖരണം. മൂന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ക്യാന്‍വാസിലാണ് ഒപ്പ് രേഖപ്പെടുത്തുന്നത്. ഒരോ നിയോജകമണ്ഡലത്തിലെയും ബൂത്തുകളില്‍നിന്നു ശേഖരിച്ച ഒപ്പുകള്‍ അതതു മണ്ഡലങ്ങളില്‍ പടയൊരുക്കത്തിനു നല്‍കുന്ന സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.
വിവിധ ജില്ലകളില്‍നിന്ന് കോട്ടണ്‍ ക്യാന്‍വാസില്‍ ശേഖരിച്ച ഒപ്പുകള്‍ ചേര്‍ത്തുവച്ചാല്‍ 74 കിലോമീറ്റര്‍ നീളമുണ്ടാകും. ഇതു തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി. പടയൊരുക്കം തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും ഒരു കോടി ഒപ്പുകള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സിഗ്നേച്ചര്‍ കാംപയിന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."