സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂള്‍ ദ്വിശതോത്തര രജതജൂബിലി: സാഹിത്യോത്സവം നാളെ തുടങ്ങും
കോഴിക്കോട്: സെന്റ് ജോസഫ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദ്വിശതോത്തര രജതജൂബിലിയുടെ ഭാഗമായി മൂന്നുഘട്ടങ്ങളിലായി സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യോത്സവത്തിന്റെ ആദ്യഘട്ടമായി 15ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 'കവിതയ്ക്ക് ഒരു പകല്‍' കവിയരങ്ങും രചനാ മത്സരവും നടത്തും. കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. പി.കെ ഗോപി, പോള്‍ കല്ലാനോട്, രമേശ് കാവില്‍, ഒ.പി സുരേഷ്, ഷാജന്‍ ചെറിയാന്‍ കവിതകള്‍ ആലപിക്കും. ഉച്ചയ്ക്കു വിവിധ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കവിതാരചനാ മത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 11ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 'കഥയൊരുക്കം' പരിപാടി നടത്തും.
ജനുവരി 11ന് കോഴിക്കോട് ടൗണ്‍ഹാളില്‍ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സാഹിത്യസായാഹ്നം നടത്തും. 18ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. 'മുല്യാധിഷ്ഠിത വിദ്യഭ്യാസം' വിഷയത്തില്‍ ഡോ. എസ്.ജെ സണ്ണി ജേക്കബ്, ഡോ. മോളി കുരുവിള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അഡ്വ. എം. രാജന്‍, പ്രിന്‍സിപ്പല്‍ ജോസഫ് ജോര്‍ജ്, പ്രധാനാധ്യാപകന്‍ തോമസ് മാത്യു, സാഹിത്യോത്സവം കണ്‍വീനര്‍ ജോഷി ആന്റണി, ഫിലിപ്പ് ജോസ്, ഷാജി ആന്റണി, ഷൈനി ഫ്രാന്‍സിസ്, ടി.വി ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."