കിടപ്പറക്കാര്യങ്ങളുടെ രാഷ്ട്രീയ സാധ്യതകള്‍
ഇതെഴുതുന്നയാള്‍ ഒട്ടും പ്രമുഖനല്ല. പ്രമുഖത എന്താണെന്നു പോലും അറിയില്ല. രാഷ്ട്രീയത്തിലെ വ്യക്തിപരമായ ഇമേജിനെക്കുറിച്ച് ഒട്ടും ഉല്‍ക്കണ്ഠയുമില്ല. എന്നാല്‍, കാലക്കേടിനു ഞാനൊരു മുഖ്യമന്ത്രിയായിപ്പോയെന്നു സങ്കല്‍പിക്കുക. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനപിന്തുണയുണ്ടെങ്കില്‍ ഏത് അണ്ടനും അടകോടനും മുഖ്യമന്ത്രിയാവാമല്ലോ. അങ്ങനെ ഞാന്‍ ക്ലിഫ് ഹൗസില്‍ താമസിക്കുകയാണെന്നും കരുതുക. അവിടെ നിറയെ പൊലിസുകാര്‍ ഉണ്ടാകും. മുഖ്യമന്ത്രിയെന്നല്ല ഒരു സാദാ മന്ത്രിയാണെങ്കില്‍ പോലും ഒരുപാടു ശിങ്കിടികളും കൂടെ കാണും. പിന്നെ പല കാര്യങ്ങള്‍ക്കായി വന്നവര്‍ വേറെയും. അവിടെ എന്തെങ്കിലും കാര്യം സാധിക്കാന്‍ വന്ന ഒരു സ്ത്രീ മുറിയില്‍ കയറി വന്ന് എനിക്ക് എന്തെങ്കിലുമൊരു ലൈംഗിക സേവനം ചെയ്യാന്‍ തയാറായെന്നു തന്നെ കരുതുക. ആഗ്രഹമുണ്ടായാല്‍ പോലും അതു സ്വീകരിക്കാന്‍ എനിക്കാവില്ല. ഇത്രയധികം ആളുകള്‍ ചുറ്റുവട്ടത്തുള്ളപ്പോള്‍ നിര്‍വഹിക്കാനാവുന്ന കാര്യമല്ല ലൈംഗികത. എന്നിട്ടും ഉമ്മന്‍ ചാണ്ടിയെപ്പോലെ വൃദ്ധനും വ്യക്തിപരമായ ഇമേജില്‍ അതീവ ശ്രദ്ധാലുവുമായ ഒരാള്‍ അങ്ങനെ ചെയ്‌തെന്നു വിശ്വസിച്ചാല്‍ മാത്രമേ ഞാന്‍ അഴിമതി വിരുദ്ധനും പുരോഗമനവാദിയുമൊക്കെ ആവൂ എന്നാണെങ്കില്‍ ഞാനുമതു വിശ്വസിക്കാം.
ഇനി ഞാനൊരു എം.പി ആണെന്നു സങ്കല്‍പിക്കുക. ഡല്‍ഹിയില്‍ ഏതൊരു എം.പിക്കും ഒരു സ്ത്രീയോടൊപ്പം സ്വകാര്യമായി കഴിയണമെങ്കില്‍ അതിനു സര്‍ക്കാര്‍ വക സംവിധാനമുണ്ട്. ഇനി അതുപയോഗിക്കാതെ വളരെ സ്വകാര്യമായി തന്നെ കാര്യം നടത്തണമെന്നുണ്ടെങ്കില്‍ അതിനു സൗകര്യമൊരുക്കിക്കൊടുക്കാനും ആളുകളേറെയുണ്ട്. എന്നിട്ടും അതൊന്നും വേണ്ടെന്നു വച്ച് ഏതെങ്കിലുമൊരു ഒരു പബ്ലിക് ടോയ്‌ലെറ്റില്‍ കൊണ്ടുപോയി അവരെക്കൊണ്ട് എന്തെങ്കിലും ലൈംഗിക കൃത്യം സാധിച്ചെടുക്കാന്‍ നമ്മളെപ്പോലെയുള്ളവര്‍ക്കാവില്ല. എന്നാല്‍ ഏതെങ്കിലും മുന്നണിയുടെ പിന്തുണയിലും കൃത്രിമമായെങ്കിലും ഉണ്ടാക്കിയെടുക്കുന്ന ഇമേജിലും മാത്രം മത്സരിച്ചു ജയിക്കാനാവുന്ന ജോസ് കെ. മാണി അതു ചെയ്‌തെങ്കില്‍ അദ്ദേഹത്തെ സമ്മതിക്കണം.
ഇതുപോലുള്ള ഒരുപാട് രസകരമായ കഥകളുള്ളതാണ് സോളാര്‍ തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. കഥയില്‍ ചോദ്യമില്ലെന്നാണ് ചൊല്ലെങ്കിലും ഒരു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതൊന്നുമല്ല. കാരണം ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുന്നതും അന്വേഷണ കാലയളവില്‍ എല്ലാ തരത്തിലും ചെല്ലും ചെലവും കൊടുത്ത് തീറ്റിപ്പോറ്റുന്നതും നാട്ടുകാരുടെ ചെലവിലാണ്. അതുകൊണ്ടു ചുമതല കൃത്യമായി നിര്‍വഹിക്കാനുള്ള ബാധ്യത ആ കമ്മിഷനുണ്ട്. ആരുടെയെങ്കിലും രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് റിപ്പോര്‍ട്ടുണ്ടാക്കണമെങ്കില്‍ അതിനു കാശു കൊടുക്കേണ്ടത് ബന്ധപ്പെട്ട പാര്‍ട്ടി ഓഫീസില്‍ നിന്നാണ്.
ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സാമാന്യ രാഷ്ട്രീയ ബോധവും തലയ്ക്കു വെളിവുമുള്ളവര്‍ക്കു വിശ്വസിക്കാനാവില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ല അതിലെ പല കണ്ടെത്തലുകളും. പണമിടപാടുകളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പലരും വിശ്വസിച്ചേക്കും. കാരണം ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയപ്പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ ഭാരിച്ച ചെലവു വരും. ഒരുപാടു മനുഷ്യരെ സ്ഥിരമായി തീറ്റിപ്പോറ്റണം. പാര്‍ട്ടി ഓഫീസുകളിലെ കാര്യങ്ങള്‍ നടത്തണം. കേസുകള്‍ നടത്തണം. പിന്നെ ആവശ്യം വരുമ്പോള്‍ ചിലരെയൊക്കെ അടിച്ചൊതുക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു കാശു കൊടുക്കണം. നാട്ടുകാരറിഞ്ഞ് പിരിക്കുന്ന കാശ് ഈ ചെലവിന്റെ നാലിലൊന്നു പോലും വരില്ല. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ പാര്‍ട്ടികളെല്ലാം ബാക്കി പണം കണ്ടെത്തുന്നത് ചിലര്‍ക്കൊക്കെ ചില രഹസ്യ ഉപകാരങ്ങള്‍ ചെയ്തുകൊടുത്ത് അതിനു പ്രതിഫലം വാങ്ങിയിട്ടു തന്നെയാണ്. കാശിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ആക്രാന്തം ഇത്തിരി കൂടുതലാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. അതുകൊണ്ടു തന്നെ കാശ് വാങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നു പൊതുസമൂഹം വിശ്വസിച്ചേക്കും, വാങ്ങിയാലും ഇല്ലെങ്കിലും.
എന്നാല്‍, കേരളത്തില്‍ സാമ്പത്തിക രൂപം മാത്രമുള്ള അഴിമതി ആരോപണത്തിന്റെ പ്രഹരശേഷി വല്ലാതെ കുറഞ്ഞുപോയിട്ട് കാലം കുറച്ചായി. ഇത്തിരിയൊക്കെ അഴിമതിയില്ലാത്തവരാരും രാഷ്ട്രീയത്തിലില്ലെന്ന പൊതുബോധം നമ്മുടെ നേതാക്കള്‍ തന്നെ ഉണ്ടാക്കിവച്ചിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ ആരെയെങ്കിലും ശരിക്കൊന്ന് ആക്രമിക്കണമെങ്കില്‍ ആരോപണത്തിന് ഇത്തിരി എരിവും പുളിയും വേണം. ലൈംഗികത ഒരു കിടിലന്‍ രാഷ്ട്രീയായുധമാണ് കേരളത്തില്‍. തനിക്കു മാത്രം ബാധകമല്ലെന്ന് വിശ്വസിച്ചുകൊണ്ടു തന്നെ അന്യരുടെ സദാചാര വിശുദ്ധിയില്‍ അളവറ്റ ജാഗ്രത പുലര്‍ത്തുകയും അതേസമയം ആരോപണങ്ങളുടെ സി.ഡി ദൃശ്യങ്ങള്‍ക്കു കാത്തിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം വല്ലാതെ പെരുകിയ ഒരു നാട്ടില്‍ ഈ ആയുധത്തിനു പ്രഹരശേഷി കൂടുന്നതു സ്വാഭാവികം. സോളാര്‍ കേസില്‍ ആരോപണവിധേയരായ നേതാക്കള്‍ കോടതിയില്‍ പോയാല്‍ രക്ഷപ്പെട്ടേക്കുമെങ്കിലും അവരുടെ രാഷ്ട്രീയജീവിതത്തില്‍ വന്നു പതിച്ച കളങ്കം അത്ര പെട്ടെന്നൊന്നും കഴുകിക്കളയാനാവില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാക്കിക്കൊടുത്തു എന്ന ഗുരുതരമായ കുറ്റത്തെ അശ്ലീലതയിലേക്കു ചുരുക്കിക്കളയുന്നു എന്നതാണ് സോളാര്‍ ആക്രമണത്തിന്റെ വലിയൊരു രാഷ്ട്രീയ ദുരന്തം. ഭരണസിരാകേന്ദ്രത്തിന്റെ വിശ്വാസ്യത ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു കേസ് ഏതാനും കിടപ്പറകളിലേക്ക് ഒതുങ്ങിപ്പോകുന്നത് നമ്മുടെ ജനാധിപത്യബോധത്തിന്റെ രോഗലക്ഷണം തന്നെയാണ്.
ഇതൊരു സ്ഥിരം രാഷ്ട്രീയായുധമായി മാറിയാല്‍ സംഭവിച്ചേക്കാവുന്ന മറ്റൊരു ദുരന്തവുമുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്നതാണ് സമൂഹം. പല കാര്യങ്ങള്‍ക്കായി പുരുഷന്‍മാരായ ഭരണാധികാരികളെ സ്ത്രീകള്‍ക്കും തിരിച്ചും ഒക്കെ കാണേണ്ടി വരും. പുരുഷ ഭരണാധികാരികളെ കാണാന്‍ പോകുന്ന സ്ത്രീകളിലൊക്കെ നാട്ടുകാര്‍ സരിതയെ കാണാന്‍ തുടങ്ങിയാല്‍ കേരളത്തിന്റെ രാഷ്ട്രീയാവബോധത്തില്‍ അതു വലിയൊരു സ്ത്രീവിരുദ്ധതയായി വളരും. പുരുഷ ഭരണാധികാരികള്‍ സ്ത്രീകളുമായുള്ള കൂടിക്കാഴ്ച പരമാവധി ഒഴിവാക്കുന്ന സ്ഥിതി വരും. അപ്പോള്‍ നമുക്കവരില്‍ സ്ത്രീവിരുദ്ധത ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടാം, അല്ലേ.
*** *** ***
ഒരു ജില്ലയുടെ ഭരണകാര്യങ്ങള്‍ പോലും തീരുമാനിക്കാനുള്ള രാഷ്ട്രീയാധികാരം. തിരുവായ്ക്ക് എതിര്‍വായില്ലാതെ പറയുന്നതെല്ലാം അനുസരിക്കുന്ന പാര്‍ട്ടി അനുയായികള്‍. ഒതുക്കണമെന്നു തോന്നുന്നവരെ ഒതുക്കാനും ഒടുക്കണമെന്നു തോന്നുന്നവരെ കൊന്നൊടുക്കാനും ആജ്ഞാപിച്ചാല്‍ അനുസരിക്കുന്ന കിങ്കരന്‍മാര്‍. ഉദ്ദിഷ്ട കാര്യങ്ങളൊക്കെ ഭംഗിയായി നടത്തിക്കൊണ്ടുപോകാന്‍ പണം സംഘടിപ്പിക്കാന്‍ ഇഷ്ടംപോലെ സ്രോതസുകള്‍. ഇത്രയൊക്കെ സെറ്റപ്പ് ഉണ്ടെങ്കില്‍ ഏതൊരു ജയരാജനും തോന്നിപ്പകും, സ്വയം ഒന്നു പൊക്കിക്കാണിച്ചാല്‍ കൊള്ളാമെന്ന്.
നേതാവിന് അങ്ങനെ ഒരു മോഹമുദിച്ചാല്‍ ''ജയജയരാജ ഹരേ'' എന്നൊക്കെ കീര്‍ത്തനം ചൊല്ലാന്‍ ആളുകള്‍ കാണും. സംഗീതശില്‍പം വിരിയും. ഹ്രസ്വ ചലച്ചിത്രമുണ്ടാകും. ഇത്രയൊക്കെ തന്നെയാണ് കണ്ണൂരിലും സംഭവിച്ചത്.
ഇതൊക്കെ സംഭവിക്കുമ്പോള്‍. അതില്‍ കണ്ണുകടി വരുന്നവരുമുണ്ടാകും. പ്രത്യേകിച്ച് സമശീര്‍ഷരായ ഒന്നിലധികം ജയരാജന്‍മാര്‍ വേറെയുള്ള നാട്ടില്‍. ആ കണ്ണുകടി പരാതിയായി പാര്‍ട്ടി ആസ്ഥാനത്തെത്തും. എത്തിയാല്‍ ചര്‍ച്ചയാകും. ചര്‍ച്ചയായാല്‍ അത് വാര്‍ത്തയാകും. അതില്‍ രോഷംകൊണ്ടിട്ട് കാര്യമൊന്നുമില്ല.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ നാട്ടിലെ പാര്‍ട്ടിക്കാര്‍ പാടിപ്പുകഴ്ത്തിയത് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയായെന്ന വാര്‍ത്ത നിഷേധിക്കാന്‍ പാടുപെടുകയാണ് പാര്‍ട്ടി നേതൃത്വം. നിഷേധിക്കുമ്പോള്‍ തന്നെ ഒരു പാര്‍ട്ടിയായാല്‍ വിമര്‍ശനവും സ്വയം വിമര്‍ശനവുമൊക്കെ നടക്കുമെന്നും പറയുന്നു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തം. ഇതിന്റെ പേരില്‍ എന്തൊക്കെയോ കോലാഹലങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടുണ്ട്.
മാധ്യമങ്ങളെ കുറ്റംപറയുന്ന നേരംകൊണ്ട് നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ ജീര്‍ണതകളിലേക്ക് ശരിക്കൊന്നു കണ്ണോടിക്കുകയാവും നന്നാവുക. പ്രസ്ഥാനത്തിനകത്തു നിന്ന് വ്യക്തികള്‍ പ്രസ്ഥാനത്തിനപ്പുറത്തേക്കു വളരാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധതയുടെയും അരാഷ്ട്രീയതയുടെയും ദുര്‍ലക്ഷണമാണ്. അതിനൊക്കെ ഇടംകിട്ടുന്ന തലത്തിലേക്ക് പാര്‍ട്ടി വെടക്കായിട്ടുണ്ടെന്നതാണ് സത്യം. അതിനു ജയരാജനെയോ അദ്ദേഹത്തിന്റെ തന്‍പ്രമാണിത്ത ബോധത്തെയോ കുറ്റപ്പെടുത്തിയതുകൊണ്ടായില്ല.
ബോധമല്ല ചുറ്റുപാടുകളെ നിര്‍ണയിക്കുന്നതെന്നും ചുറ്റുപാടുകളാണ് ബോധത്തെ നിര്‍ണയിക്കുന്നതെന്നും മാര്‍ക്‌സ് പറഞ്ഞ കാര്യം നേതാക്കള്‍ മറന്നുപോയിട്ടുണ്ടെങ്കില്‍ എ.കെ.ജി സെന്ററിലെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഒന്നു പരതിനോക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."