കാരുണ്യത്തില്‍ പൊതിഞ്ഞ പലഹാരങ്ങള്‍
തളിപ്പറമ്പ്: കലോത്സവ വേദിയായ കേയീ സാഹിബ് ട്രെയിനിങ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ സ്‌നാക്‌സ് കോര്‍ണറില്‍ നല്ല തിരക്കാണ്. രുചിയുള്ള പലഹാരങ്ങളും ഐസ്‌ക്രീമും മാത്രമല്ല ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇവിടെ ലഭിക്കുന്ന വരുമാനം കാരുണ്യത്തിന്റെ ഉറവയാണെന്ന തിരിച്ചറിവു കൂടിയാണ്. സര്‍ സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്പാര്‍ക്ക് സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ കാരുണ്യ പദ്ധതി നടപ്പാക്കുന്നത്. തണല്‍ എന്നര്‍ത്ഥം വരുന്ന സായ എന്നു പേരിട്ടിരിക്കുന്ന സംഘടനയാണ് ഇത് കൈകാര്യം ചെയ്യുന്നത്. സാധാരണ സ്‌കൂള്‍ ക്ലാസ് മുറികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സായ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയിലൂടെ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണത്തിന് ഇറങ്ങുന്നത്. ക്ലാസ് മുറികളില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തില്‍ കുട്ടികള്‍ നിക്ഷേപിക്കുന്ന നാണയത്തുട്ടുകളാണ് സായയുടെ പ്രവര്‍ത്തന ഫണ്ട്. ഇപ്പോള്‍ കലോത്സവ സ്ഥലത്തെ സ്‌നാക്‌സ് കോര്‍ണറില്‍ നിന്നുള്ള വരുമാനം തങ്ങളുടെ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാവും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ നിര്‍ധന കുടുംബത്തില്‍ നിന്നു വരുന്ന ഒരു വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവിലേക്ക് 5000 രൂപ സായ ഫണ്ടില്‍ നിന്നു നല്‍കിയത്. സൗജന്യ യൂനിഫോം വിതരണം, പഠന സാമഗ്രികളുടെ വിതരണം എന്നിവയും ഇവര്‍ നടത്തിവരുന്നു. സാമ്പത്തിക പരാധീനത മൂലം ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത് എന്നതാണ് സായ ലക്ഷ്യമിടുന്നത്. കുട്ടികള്‍ വീടുകളില്‍ നിന്നുണ്ടാക്കിയ പലഹാരങ്ങളും, ഐസ്‌ക്രീമുമാണ് സ്റ്റാള്‍ വഴി വില്‍ക്കുന്നത്. സ്റ്റാഫ് കോഓഡിനേറ്റര്‍ കെ. ജുബൈരിയ, അധ്യാപകരായ വി.പി റിയാസ്, മുഹമ്മദ് റാഫി, എ.പി.വി മുംതാസ് എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."