വനിതാ മെഗാ അദാലത്തില്‍ 87 പരാതികള്‍ തീര്‍പ്പാക്കി
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 87 പരാതികള്‍ തീര്‍പ്പാക്കി. 160 കേസുകളാണ് ഇന്നലത്തെ അദാല ത്തിന് നിശ്ചയിച്ചിരുന്നെതെങ്കിലും നാലു പരാതികള്‍ പിന്‍വലിച്ചതായി അറിയിച്ചു. 59 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആറു കേസുകളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടും. നാലു കേസുകളില്‍ കൗണ്‍സലിങ് നല്‍കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു.
പെന്തക്കോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി സഭാ വിശ്വാസികള്‍ വനിതാ കമ്മിഷനെ സമീപിച്ചു. പുതുതായി ചാര്‍ജ്ജെടുത്ത പാസ്റ്രര്‍ക്കെതിരെ പരാതിയുമായെത്തിവരില്‍ ചര്‍ച്ചിലെ ഗായക സംഘത്തില്‍ പെട്ട പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തങ്ങളെ ഗായകസംഘത്തില്‍ നിന്ന് മാറ്റി പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തിയെന്നും പരാതിയുണ്ട്. വിശ്വാസികളില്‍ ചിലരെ പാസ്റ്റര്‍ സഭയിലെത്തുന്നത് വിലക്കി എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ചര്‍ച്ചില്‍ നേരത്തെ ഉണ്ടായിരുന്ന പാസ്റ്റര്‍ പുതിയതായി ചാര്‍ജ്ജെടുത്ത ആള്‍ക്കെതിരെ വിശ്വാസികളെ ഇളക്കി വിട്ട് മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് മറുപക്ഷം.
മനോരോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ വിശ്രമജീവിതം നയിക്കുന്നതിനിടെ പരിചരിക്കാനെത്തിയ സഹോദരി ഭാര്യയെ വീട്ടില്‍നിന്ന് അകറ്റിയെന്ന പരാതിയും അദാലത്തിനെത്തി. കുടുംബപ്രശ്‌നങ്ങളില്‍ ഭര്‍ത്താവിന്റെ സഹോദരി ഇടപെടുന്നത് കാരണം ഇവര്‍ മകളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. രോഗിയായ തന്റെ സഹോദരന് പരിചരണം നല്‍കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് സഹോദരിയും വനിതാ കമ്മിഷനെ ബോധിപ്പിച്ചു. രഞ്ജിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ കമ്മിഷന്‍ നല്‍കി.
അഞ്ചുസെന്റ് പുരയിടം അയല്‍വാസി കൈക്കലാക്കിയെന്ന പരാതിയായിരുന്നു 88 വയസുകാരി അമ്മുക്കുട്ടിയമ്മയ്ക്ക്. തന്നെ സംരക്ഷിക്കാമെന്ന ഉറപ്പില്‍ അയല്‍വാസി ശ്യാമളയ്ക്ക് ഭൂമി എഴുതി നല്‍കിയെന്നും വസ്തുവിന്റെ മേല്‍ ശ്യാമളയെടുത്ത വായ്പ താന്‍ തന്നെ അടച്ചുതീര്‍ക്കുകയായിരുന്നെന്നും തെന്നൂര്‍ സ്വദേശി അമ്മുക്കുട്ടിയമ്മ കമ്മിഷനെ അറിയിച്ചു.
എന്നാല്‍ വസ്തുവിന്റെ പ്രമാണം ഇപ്പോഴും അമ്മുക്കുട്ടിയമ്മയുടെ പേരിലാണെന്ന് ബോധ്യപ്പെട്ട വനിതാകമ്മിഷന്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ചെയര്‍പെഴ്‌സണ്‍ എം.സി ജോസഫൈന്‍, അംഗങ്ങളായ ഇ.എം രാധ,ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി. അദാലത്ത് ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."