കെ.എസ്.ഇ.ബി ഇ-പേയ്‌മെന്റ്; വരുന്നു രണ്ടുപദ്ധതികള്‍
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഇ-പേയ്‌മെന്റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പദ്ധതികള്‍ കൂടി നിലവില്‍ വരുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് മന്ത്രി എം.എം.മണി നിര്‍വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും.
വൈദ്യുതിബില്‍തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് കെ.എസ്.ഇ.ബിയിലേക്ക് വരവു വയ്ക്കുന്ന പദ്ധതിയാണ് ആദ്യത്തേത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യിലൂടെ നടപ്പാക്കുന്ന നാഷണല്‍ ഓട്ടോമേറ്റഡ് ക്‌ളിയറിങ് ഹൗസ് (എന്‍.എ.സി.എച്ച്) സംവിധാനത്തിന്റെ സ്‌പോണ്‍സര്‍ ബാങ്കായി കോര്‍പ്പറേഷന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു.
ഇതിനുള്ള സമ്മതപത്രം ഉപഭോക്താവ് കെ.എസ്.ഇ.ബിയുടെ സെക്ഷന്‍ ഓഫിസില്‍ നല്‍കിയാല്‍ മതിയാകും. വൈദ്യുതിബില്‍ തുക അടയ്ക്കുന്നതിനായി 'കെ.എസ്.ഇ.ബി' എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വൈദ്യുതിബില്‍ തുക അനായാസം ഈ മൊബൈല്‍ ആപ്പ് വഴി അടയ്ക്കാവുന്നതാണ്.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പറില്‍ ചേരുന്ന ചടങ്ങില്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍, കോര്‍പ്പറേഷന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാല്‍ മുരളിഭഗത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."