നഗരത്തില്‍ ഉത്സവമായി ശിശുദിനാഘോഷം
കൊല്ലം: മഹാത്മഗാന്ധിയുടെയും നെഹ്‌റുവിന്റെയുമൊക്കെ വേഷമണിഞ്ഞ് വര്‍ണ ബലൂണുകളുമായി റാലിയില്‍ പങ്കെടുത്ത കുരുന്നുകള്‍ക്ക് മന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ഒപ്പം നടന്നപ്പോള്‍ കൗതുകം. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയതോടെ ശിശുദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷം വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലാല്‍ ബഹദൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച ശിശുദിന റാലി ടൗണ്‍ ഹാളില്‍ സമാപിച്ചു. എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം സി.ജെ. ആന്റണി, വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ എസ്. സബീന ബീഗം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സിജു ബെന്‍ പങ്കെടുത്തു.
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി കലോത്സവത്തിലെ വിജയികള്‍ക്ക് എം. നൗഷാദ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണംചെയ്തു.
അങ്കണവാടി കുട്ടികളുടെ കലാപരിപാടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്നു. ഉച്ചകഴിഞ്ഞ് നടന്ന ശിശുദിന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷനായി.
പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടിയ ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ മഹിമ, ഫുട്‌ബോള്‍ രംഗത്ത് മികവു പുലര്‍ത്തുന്ന കൊല്ലം ഗവണ്‍മെന്റ് ചില്‍ഡ്രണ്‍സ് ഹോമിലെ മണികണ്ഠന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം വിഷയമാക്കി ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികളായ കുട്ടികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.ജെ. ആന്റണിയും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും തമ്മില്‍ മുഖാമുഖം നടന്നു. ചെല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ബിനു ജോര്‍ജ് ഏകോപനം നടത്തി. കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള സെമിനാറിന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ നേതൃത്വം നല്‍കി.
കരുനാഗപ്പള്ളി: രാജ്യസ്‌നേഹിയും തികഞ്ഞ മതേതരവാദിയുമായ പ്രധാനമന്ത്രി യുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു എന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കെ.സി.രാജന്‍ പറഞ്ഞു.
ആധുനിക ഇന്‍ഡ്യയുടെ ശില്‍പിയും പ്രഥമ പ്രധാനമന്ത്രി യുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 129 ാം ജന്മദിനം കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. അജയകുമാര്‍ അധ്യക്ഷനായി. മുനമ്പത്ത് വഹാബ്, ആര്‍. ശശിധരന്‍പിള്ള, ബാബുഅമ്മവീട്, കളീക്കല്‍ മുരളി, എസ്. ജയകുമാര്‍, ബിന്ദുജയന്‍, മാരാരിത്തോട്ടം ജനാര്‍ദ്ദനന്‍പിള്ള, കല്ലേലിഭാഗം ബാബു, ടി.പി സലീംകുമാര്‍, നസീംബീവി, ജോയിവര്‍ഗ്ഗീസ്, എം.കെ വിജയഭാനു, ബി.മോഹന്‍ദാസ്, സി.പി പ്രിന്‍സ്, കെ.ആര്‍ സന്തോഷ്ബാബു, നദീറകാട്ടില്‍, എം.എസ് സത്താര്‍ സംസാരിച്ചു.
കൊല്ലം: നവഭാരത ശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 128- ാമത് ജന്മവാര്‍ഷികം ഡി.സി.സിയില്‍ ആചരിച്ചു.
ജന്മദിനാഘോഷ യോഗം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ലോകത്തില്‍ ഒരു ഭരണാധികാരിയുടെ മാത്രം ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് അത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെത് മാത്രമാണെന്നും കുട്ടികളെ ഇത്രമാത്രം സ്‌നേഹിക്കുകയും, കുട്ടികള്‍ ഇത്രമാത്രം ഇഷ്ടപ്പെടുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ക്ക് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."