പ്രഭാകരന്‍ വധം: മലേഷ്യയില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍
തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രഭാകരന്‍ വധക്കേസില്‍ മലേഷ്യയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയില്‍. പ്രതിയായ തളിപ്പറമ്പ് പാളയാട് റോഡിലെ കാട്ടി അര്‍ഷാദ്(26) തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പൊലിസിന്റെ പിടിയിലായത്.
കൂവേരി വള്ളിക്കടവ് സ്വദേശിയും തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാളുമായ കാനാമഠത്തില്‍ പ്രഭാകരനെ(55) 2016 സെപ്റ്റംബര്‍ 28നാണ് സയ്യിദ് നഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിപ്പറമ്പ് സി.ഐ കെ.ഇ.പ്രേമചന്ദ്രന്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 ന് സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ തന്നെ പൊലിസ് അന്വേഷിക്കുന്നതായി അറിഞ്ഞതോടെ പ്രധാനപ്രതിയായ അര്‍ഷാദ് മലേഷ്യയിലേക്ക് കടക്കുകയായിരുന്നു. അര്‍ഷാദിന്റെ സുഹൃത്തായ പച്ചക്കറി വ്യാപാരിയുടെ കടയില്‍ രാത്രിയിലും മറ്റും എത്തുന്ന പച്ചക്കറികള്‍ പ്രഭാകരന്‍ നശിപ്പിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
അര്‍ഷാദിനായി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പൊലിസ് ലുക്കൗട്ട് നോട്ടിസ് നല്‍കിയിരുന്നു. മലേഷ്യയില്‍ നിന്ന് ചൊവ്വാഴ്ച്ച തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയ അര്‍ഷാദിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. അഡീ.എസ്‌ഐ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ അര്‍ഷാദിനെ തളിപ്പറമ്പിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."