വിധിയില്‍ വിവാദം; ജീവിതത്തില്‍ തിരുത്തലുകള്‍
കണ്ണൂര്‍: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ക്രിമിനല്‍ അഭിഭാഷകരിലൊരാളായ അഡ്വ. രാംജത് മലാനി ജസ്റ്റിസ് ഖാലിദിന്റെ സമീപത്തുവന്ന് ഒരിക്കല്‍ പറഞ്ഞു: 'ജഡ്ജ്, സാധാരണ ഒരു ന്യായാധിപന്‍ സുപ്രിംകോടതി വിടുമ്പോള്‍ എനിക്കു വിഷമം തോന്നാറില്ല. പക്ഷേ, താങ്കള്‍ പോവുകയാണ് എന്നത് എന്നെ വിഷമിപ്പിക്കുന്നു'. സുപ്രിം കോടതിയില്‍നിന്ന് ജസ്റ്റിസ് ഖാലിദ് വിരമിക്കുമ്പോള്‍ രാംജത് മലാനി പറഞ്ഞ ഈ വാക്കുകള്‍ മാത്രം മതി ആ ന്യായാധിപന്റെ മഹത്വമറിയാന്‍.
വിവാദ വിധിന്യായങ്ങളുടെ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ വിവാദങ്ങളില്‍നിന്നു വഴിമാറി നടന്ന ന്യായാധിപനായിരുന്നു ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി. ഖാലിദ്. തന്റെ നിയമജീവിത കാലഘട്ടത്തിലെ വിധിയെഴുത്തുകളെ ജീവിതത്തിന്റെ അവസാനകാലത്തില്‍ സ്വാംശീകരിച്ച അറിവുകളുമായി താരതമ്യം നടത്തി ശരിതെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ സന്നദ്ധനായ നിയമജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഖുര്‍ആന്‍ പഠനത്തില്‍ വ്യാപൃതനായിരുന്ന ജസ്റ്റിസ് ഖാലിദ് പല വിഷയങ്ങളിലും തന്റെ മുന്‍ നിലപാടുകളിലെ അവ്യക്തത അടുത്ത ചില സുഹൃത്തുക്കളോട് സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ വിധിയായിരുന്നു ഷാബാനു കേസിലേത്. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്നു ജീവനാംശത്തിന് അവകാശമുണ്ട് എന്നതായിരുന്നു വിധിയുടെ കാതല്‍. മുസ്‌ലിം സ്ത്രീകളുടെ ഫസ്ഖ് സംബന്ധിച്ചുള്ള വിവാദമായ കോടതി ഉത്തരവും ഖാലിദിന്റേതായിരുന്നു.
കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന് സുപ്രിം കോടതി ജഡ്ജിയിലേക്കു പടിപടിയായി എത്തിയ ഖാലിദിന്റെ ജീവിതം സംഭവ ബഹുലം കൂടിയായിരുന്നു. സുപ്രിം കോടതിയില്‍ ജഡ്ജിയും സംഘര്‍ഷഭരിതമായ ജമ്മു കാശ്മിരില്‍ ചീഫ് ജസ്റ്റിസും ഏതാനും ദിവസങ്ങള്‍ ഗവര്‍ണറുടെ ചുമതലയും വഹിച്ച ജ. ഖാലിദിനെ പക്ഷെ ഏറെയാര്‍ക്കും അറിയില്ല.
കണ്ണൂര്‍ നഗരത്തിലെ ഇടത്തരം കുടുംബത്തില്‍ 1922 ജൂലൈ ഒന്നിനാണ് വാഴക്കുളങ്ങരയില്‍ ഖാലിദ് ജനിച്ചത്. ചങ്ങനാശ്ശേരിയിലെ കാപ്പിപ്പൊടി വ്യാപാരത്തില്‍ ജ്യേഷ്ഠനെ സഹായിക്കുന്ന ജോലിയായിരുന്നു പിതാവിന്. ഖാലിദിന് പത്തു വയസായിരുന്നപ്പോള്‍ പിതാവ് മരണപ്പെട്ടു. മരണവീട്ടിലെത്തിയ കോയക്ക എന്ന മനുഷ്യസ്‌നേഹി ഖാലിദ് എന്ന ബാലനെ പുത്രനായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ പിന്തുണ ബിരുദ പഠനം വരെ നീണ്ടു.
മലയാളം, അറബി, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളും ഖാലിദ് പഠിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ് , മദ്രാസ് പ്രസിഡന്‍സി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.
1948ല്‍ കണ്ണൂര്‍ മുന്‍സിഫ് കോടതിയിലായിരുന്നു ഖാലിദിന്റെ അഭിഭാഷകവൃത്തിയുടെ തുടക്കം. പി.എസ് നാരായണ അയ്യരെയും തലശ്ശേരിയില്‍ എസ്.എസ് രാമനാഥ അയ്യരെയും പോലുള്ള അഭിഭാഷകരുടെ കീഴില്‍ ഔദ്യോഗിക ജീവിതമാരംഭിക്കുവാന്‍ കിട്ടിയ ഭാഗ്യത്തെ കുറിച്ച് അദ്ദേഹം സ്മരിച്ചിരുന്നു. 1964ലാണ് കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി കൊച്ചിയിലേക്കു പോകുന്നത്. ഒന്നുകില്‍ കൊച്ചിയിലെ കായലില്‍ താന്‍ മുങ്ങിത്താഴും, അതല്ലെങ്കില്‍ നീന്തി മുറിച്ചുകടക്കുമെന്ന് പറഞ്ഞായിരുന്നു ആ യാത്ര. മുങ്ങിപ്പോയില്ല അദ്ദേഹം, വിജയകരമായിത്തന്നെ നീന്തിക്കടന്നു.
ഒടുവില്‍, ജസ്റ്റിസ് ടി.സി രാഘവന്റെ നാമനിര്‍ദേശത്തോടെ 1972 ഏപ്രില്‍ മൂന്നിന് അഡ്വ. ഖാലിദ് ജസ്റ്റിസ് ഖാലിദായി മാറി. 1983 വരെ അദ്ദേഹം കേരള ഹൈക്കോടതിയിലുണ്ടായിരുന്നു. 1981 മുതലേ അനേകം വി.ഐ.പികളിലൂടെ കത്തായും ഫോണ്‍ വിളിയായും അദ്ദേഹത്തിന് കശ്മിര്‍ ഹൈക്കോടതി ജഡ്ജി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍, ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.സി അലക്‌സാണ്ടര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് ഖാലിദ് ശ്രീനഗറിലേക്കു പറന്നു. 1984 ഡിസംബറിലാണ് 12 ദിവസം കാശ്മിരിന്റെ ഗവര്‍ണറുടെ ചുമതല വഹിക്കാന്‍ ജസ്റ്റിസ് ഖാലിദിന് അവസരം ലഭിച്ചത്.
1984ലാണ് ജസ്റ്റിസ് ഖാലിദ് കാശ്മിര്‍ സേവനം കഴിഞ്ഞ് സുപ്രിം കോടതിയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."