രാഹുലിനെ അവഹേളിക്കുന്ന വിഡിയോ തെര. കമ്മിഷന്‍ വിലക്കി
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി പുറത്തിറക്കിയ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ബി.ജെ.പി തയാറാക്കിയ ഇലക്ട്രോണിക് മാധ്യമപരസ്യത്തില്‍ രാഹുലിനെ 'പപ്പു' എന്നു വിശേഷിപ്പിച്ചതിനെയാണ് കമ്മിഷന്‍ വിലക്കിയത്.
എതിരാളികള്‍ രാഹുലിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് പപ്പു എന്നത്. ഇത്തരം വിശേഷണങ്ങള്‍ അപകീര്‍ത്തിപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി കഴിഞ്ഞമാസം 31ന് സമര്‍പ്പിച്ച കിരാന(പലചരക്കുകട) എന്ന പേരിലുള്ള വിഡിയോ പരസ്യമാണ് വിവാദമായത്.
പലചരക്കുകടയിലെത്തുന്ന ആളെ പപ്പുഭായ് വന്നുവെന്നു പറഞ്ഞു സംസാരിക്കുന്ന ദൃശ്യമാണ് വിഡിയോയിലുണ്ടായിരുന്നത്.
എന്നാല്‍, ഗുജറാത്ത് ചീഫ് ഇല്ക്ടറല്‍ ഓഫിസര്‍ ബി.ബി.സൈ്വന്റെ കീഴിലുള്ള മാധ്യമനിരീക്ഷണ സമിതി ഈ വാക്കിനെ എതിര്‍ത്തു. ഈ പദം ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നു ബി.ജെ.പി വാദിച്ചെങ്കിലും കമ്മിഷന്‍ തള്ളുകയായിരുന്നു. പരസ്യത്തില്‍ നിന്ന് ഈ വാക്ക് മാറ്റി പുതിയ തിരക്കഥ തയാറാക്കി കമ്മിഷന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്ന് ബി.ജെ.പി വക്താവ് അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതു പരസ്യം പുറത്തിറക്കുന്നതിനു മുന്‍പും പാര്‍ട്ടി അതിന്റെ തിരക്കഥയും ഉള്ളടക്കവും കമ്മിഷനു കീഴിലുള്ള സമിതി മുന്‍പാകെ സമര്‍പ്പിച്ച് അനുമതി വാങ്ങാറുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
കഴിഞ്ഞമാസം സമര്‍പ്പിച്ച പരസ്യത്തില്‍ 'പപ്പു' എന്ന പദം ഉപയോഗിച്ചത് അപകീര്‍ത്തികരമാണെന്നും അത് നീക്കം ചെയ്യുകയോ പകരം മറ്റു പദം ഉപയോഗിക്കുകയോ വേണമെന്ന് കമ്മിഷന്‍ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."