ഇതിലും വലിപ്പവും ഇനിയും നിലകളും വീടുകള്‍ക്ക്
നിങ്ങളുടെ വീടുകളെ മരിച്ചവര്‍ക്കുള്ള കല്ലറകളാക്കി മാറ്റരുതെന്നൊരു ഹദീസുണ്ട്. നമ്മുടെ വീടുകളെ കുറിച്ചുള്ള ഏതാലോചനയിലും ആ പ്രവാചകസ്വരം പ്രവചനംപോലെ പ്രതിധ്വനിക്കുന്നു. ജീവിക്കുന്നവരുടെ വാസസ്ഥലങ്ങളെയാണ് വീട് എന്നു വിളിക്കേണ്ടത്. മരിച്ചവര്‍ക്ക് ഖബറിടങ്ങളും സ്മാരകങ്ങളും പണിത് വീടിനെ നാം ജീവിതത്തിനായി ഒഴിച്ചിട്ടതാണ്. അങ്ങനെ വീട് നാം ജീവിക്കുന്ന ഇടവും ഇടവേളയുമാകുന്നു. ജീവിതത്തിന്റെ വിശേഷങ്ങള്‍ ഓരോന്നും നിറയുന്ന വീട്ടിലത്രെ നാമിത്രകാലം താമസമാക്കിയത്. എന്നാല്‍ നാം ജീവിക്കുന്നത് മരിച്ചവരുടെ ജീവിതമാകുമ്പോള്‍ നമ്മുടെ വീടുകളില്‍നിന്ന് ആദ്യം ചോര്‍ന്നുപോകുന്നതും ജീവിതം തന്നെ. ഒറ്റയൊറ്റയായി മാറുകയാണ് വീട്ടിനുള്ളിലിന്നു നാം. വീടെന്നു നാം കരുതുന്ന ഇടത്തില്‍ അതുമാത്രം മിക്കപ്പോഴും സന്നിഹിതമല്ല. ശ്മശാനങ്ങളിലേതെന്ന പോലെ നിശബ്ദത നിറഞ്ഞ, അന്തേവാസികള്‍ ഒറ്റയൊറ്റയായ കെട്ടിടങ്ങള്‍. അതിനാലിപ്പോള്‍ വീടുകള്‍ പുകയില്ലാത്ത അടുപ്പുകള്‍, കലഹിക്കാത്ത പാത്രങ്ങള്‍, ശബ്ദങ്ങളും അനക്കങ്ങളും കെട്ട വീട്...
വീട്ടകം പോലെ ശാന്തിജന്യമായ ഒരിടം മുന്‍പ് നമുക്കില്ലായിരുന്നു. ഇപ്പോള്‍ മനസമാധാനത്തിനു നാം വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങുന്നു. വീടിനെ സഹിക്കാനാവാതെ കാറ്റുകൊള്ളാന്‍, ശമിപ്പിക്കാന്‍... വീടുവിട്ടാല്‍ ഒരു വീടെന്നു സ്വയം പരസ്യപ്പെടുത്തുന്ന കളി(ഒളി)വീടുകള്‍ ധാരാളം. വീട് വലിപ്പം കൂട്ടുംതോറും ചെറുപ്പമാകുന്ന ജീവിതം. വലുതാകുംതോറും വീട്ടിലെ ആകെ പെരുമാറ്റമുള്ള മുറി ഭോജനത്തിനും വിസര്‍ജനത്തിനും ഉള്ളവ മാത്രമാകുന്നു. തൂത്താല്‍ തീരാത്ത മുറ്റങ്ങള്‍, മുറികള്‍ എന്ന് നടുനിവര്‍ത്താന്‍ ഒഴിവില്ലാതെ വീട്ടിനകത്ത് നിശ്വാസങ്ങള്‍ കേള്‍ക്കാം. ആ മുറികളൊന്നും ഇപ്പോള്‍ തുറക്കാറേയില്ല എന്ന നിരര്‍ഥകമായ മോടി പറച്ചിലും അറിഞ്ഞുതന്നെ സഹിക്കാം. എന്നാല്‍ അതിനകത്തെ ജീവിതത്തിന്റെ അസാന്നിധ്യം ആരു പൊറുക്കും.
അടച്ചുപൂട്ടിയ വാതിലുകള്‍ക്കകത്ത് അടഞ്ഞുപോയ ഹൃദയങ്ങളോടെ പുലരുന്ന ജീവിതം നമുക്കൊരു ചടങ്ങ്. മുന്‍പ് അഭയമെന്നു കരുതാന്‍ ഒരു ഓലകുത്തിയ കുടില്‍ മതിയായിരുന്നു. വാസ്തവത്തില്‍ നാം പണിയെടുക്കുകയും ജീവിതം പണിയുകയും ചെയ്യുന്ന ചുറ്റുപാട്, നമ്മെ മനുഷ്യരാക്കിയ നമ്മുടെ സംസ്‌കാരം, നമ്മുടെ നാട് ഒക്കെച്ചേര്‍ന്ന് നമുക്കേകുന്ന സുരക്ഷിതത്വവും ബന്ധുത്തവും അരുളുന്ന അഭയങ്ങളാകുന്നു നമ്മുടെ വീടുകള്‍. ഇപ്പോള്‍ അതങ്ങനെ അല്ലാതായി. ഉറപ്പുള്ള എടുപ്പുകളായി അവ. പക്ഷേ, ഉള്ളിലെ ഈര്‍പ്പങ്ങളൊക്കെയും വലിച്ചെടുത്താണ് ആ കോണ്‍ക്രീറ്റ് വനം വളര്‍ന്നത്. ഈ എടുപ്പുകള്‍ക്കകത്ത് ചിലരെന്നും, ചിലര്‍ ചില നേരത്തും ഭവനരഹിതര്‍. വീടുണ്ടായിട്ടും വീടില്ലാതായവര്‍.?
വീടിനോടു വല്ലാത്തൊരു ആത്മബന്ധം പുലര്‍ത്തുന്നവരായതിനാല്‍ വീടുനിര്‍മാണത്തില്‍ മറ്റാരും കാണിക്കാത്ത താല്‍പര്യവും ശ്രദ്ധയും മലയാളികള്‍ കാണിക്കാറുണ്ട്. ആയുഷ്‌കാല സമ്പാദ്യമത്രയും വീടിനുവേണ്ടി ചെലവഴിക്കുന്ന മലയാളിക്ക് വീടെന്നത് ആഡംബരത്തിന്റെയും പ്രദര്‍ശനത്തിന്റെയും ചിഹ്നമായി. കിട്ടാവുന്നിടത്തോളം കടംവാങ്ങി നിര്‍മിക്കുന്ന അവനവന്റെ തലപ്പൊക്കമാണെന്നേയത്.
ചെലവു ചുരുക്കി വീടുനിര്‍മാണം എന്നത് ഇന്നൊരു ആശയത്തേക്കാള്‍ ആളുകളുടെ ആവശ്യമായിരിക്കുന്നു. അതിന്റെ പരസ്യമാണെവിടെയും. 1980കളിലാണ് ബജറ്റ് ഹോംസ് (കീശക്കൊതുങ്ങിയ വീടുകള്‍) എന്ന ഗൃഹനിര്‍മാണ ആശയം കേരളത്തില്‍ പ്രചരിക്കുന്നത്. ആര്‍കിടെക്റ്റ് ലാറി ബേക്കര്‍ ആയിരുന്നു ആശാന്‍. ഗുണമേന്മ, സൗന്ദര്യം, ഭൂമിയുടെ പ്രാദേശികമായ ആകൃതി, ഭംഗികളൊക്കെ നോക്കിയുള്ള വീടുകള്‍. ചെലവു ചുരുക്കുമ്പോള്‍ തന്നെ പുരക്കാരുടെ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ചും യോജിച്ചുമുള്ള ആസൂത്രണം. അങ്ങനെ വീടുപണിയുടെയും പൂര്‍ത്തീകരണത്തിന്റെയും ആശയങ്ങളും രൂപകല്‍പനയുമായി പലതരം സൗകര്യസൗന്ദര്യ രീതികള്‍ ഇന്നുണ്ട്.
എന്നിട്ടും? ഓര്‍ഫലീസിലെ ജനങ്ങളോട് പണ്ട് ജിബ്രാന്റെ പ്രവാചകന്‍ ചോദിച്ചതിനു നമുക്കിന്നും ഒരുത്തരമില്ല. നിങ്ങളുടെ വീടുകളില്‍ നിങ്ങളുടെ എന്തുണ്ട്? സാക്ഷയിട്ട വാതിലുകളാല്‍ നിങ്ങള്‍ കാത്തുസൂക്ഷിക്കുന്നതെന്താണ്?
ചുമരുകളെ പോലും ഭയന്നുകഴിയുന്ന നമ്മള്‍ ആ പഴയ സംശയത്തിനു മുന്നില്‍ ഇപ്പോഴും ചകിതരാകുന്നു. നമ്മുടെ വീടുകളില്‍ നമുക്ക് വിലപ്പെട്ടതെന്താണുള്ളത്. ജീവിച്ചിരിക്കുന്നവര്‍ക്ക് വിലപ്പെട്ട ചിലതുകാണും. അവരുടെ വീടുകളില്‍ അവയുടെ സൂക്ഷിപ്പുണ്ടാകും. പണിതീര്‍ന്നതോ പണയപ്പെടാത്തതോ ആവണമെന്നില്ല ആ വീട്. പക്ഷേ, അവിടെ ജീവിതം നിറഞ്ഞുകവിയുന്നു. ജീവിക്കുന്നതിന്റെ മഹാധനങ്ങളാല്‍ ആ വീട് സമ്പന്നമായിരിക്കും. അത്തരം ഒരു വീട്ടില്‍ പട്ടിണിയാണെങ്കിലും സ്‌നേഹത്തിന്റെ സമൃദ്ധി ഉണ്ടാകും. അവിടെ ചിരിക്കുന്നതിന്റെ കിലുക്കങ്ങള്‍ക്കും കരയുന്നതിന്റെ ഏങ്ങലുകള്‍ക്കും ജീവിതത്തിന്റെ തുടിപ്പുണ്ടാകും. പ്രസരിപ്പ് അതിന്റെ മുറ്റത്തും തൊടിയിലും പാഞ്ഞുനടക്കും. പ്രസന്നത പൂമുഖത്ത് ഇരിക്കും. അത് ഒരു വ്രണത്തെ മൂടുന്ന തിളങ്ങുന്ന പാടുപോലെ വേദന അരിക്കുന്നതാവില്ല. കണ്ണിനെ കാത്തുസൂക്ഷിക്കുന്ന ഇമകള്‍ പോലെ ആ വീട് നമ്മെ കാത്തുസൂക്ഷിക്കും. നമ്മെ മെരുക്കിയെടുക്കുന്ന കൂടായിരിക്കില്ല അത്തരമൊരു വീട്. നമ്മെ ഉള്‍ക്കൊള്ളുന്ന അകങ്ങളില്ലെങ്കില്‍ നമ്മുടെ വീടുകളില്‍ നാമെങ്ങനെ വേദനിക്കുന്ന തല ചായ്ക്കുക, സുഖമായുറങ്ങുക, സ്വപ്നത്തിലെങ്കിലും ഒന്നു പ്രശാന്തരാവുക?
കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തലയെടുപ്പാണ് ഒരു നല്ല വീടെന്ന ധാരണയില്‍, യന്ത്രപ്പണികള്‍ വിചിത്രമാക്കിയ കൂറ്റന്‍ വാതിലുകളും വിസ്തൃതിമൂലം വികൃതമായ ജനലുകളും വിലപിടിപ്പുള്ള വെണ്ണക്കല്‍ തറയും ഒന്നടുക്കിവയ്ക്കാന്‍ പറ്റാത്തത്ര ഫര്‍ണിച്ചറുകളുമാണ് നമ്മുടെ ഭവനങ്ങളെങ്കില്‍ അവിടെ താമസിക്കുന്നത് നമ്മളാണെന്ന കാര്യം നാം മറന്നിരിക്കുന്നു. കാരണം അത്രവലിയ ജീവിതം നാം ജീവിക്കുന്നില്ല. ഇത്ര വലിയ കെട്ടിടങ്ങള്‍ക്കകത്ത് വെറുമൊരു കുടിപാര്‍പ്പു മാത്രമായിരിക്കുന്നു ജീവിതം. കെട്ടിടം ജീവിതം കെട്ടിക്കിടക്കുന്ന ഒരിടമാകുന്നു. അക്ഷരാര്‍ഥത്തില്‍ അവയ്ക്കകത്ത് നമുക്കു വേണ്ടതാവട്ടെ ജീവിതം കെട്ടിയ ഇടങ്ങളും. പ്രേതഭവനങ്ങളെന്ന പോലെ താഴിട്ടുപൂട്ടിയ, ഒരിക്കലും തുറന്നുനോക്കിയിട്ടില്ലാത്ത മുറികള്‍. മനുഷ്യസ്പര്‍ശമേല്‍ക്കാതെ ശൂന്യത തളംകെട്ടിയ അകങ്ങള്‍. നിത്യവും ആള്‍പെരുമാറ്റമേല്‍ക്കാത്ത വീട്ടകങ്ങള്‍ തരിശുനിലങ്ങള്‍ പോലെ വളരുകയാണ്. ആ മുറികളില്‍നിന്ന് ഒരു മരുഭൂമി വളരെ വേഗം നമ്മുടെ ജീവിതത്തിലേക്കു കയറിവരും. അടുക്കളയില്‍നിന്ന് കഴുകുന്ന പാത്രങ്ങളുടെ കലമ്പല്‍ കേള്‍ക്കുന്ന, അയലില്‍ തുണികള്‍ ഈര്‍പ്പം മാറാതെ തൂങ്ങിക്കിടക്കുന്ന, ചുമരരികില്‍ കിടക്കപ്പായ ചുരുണ്ടുകൂടി കിടക്കുന്ന ആ പഴയ വീട്ടില്‍നിന്ന് താമസം മാറ്റാന്‍ വെമ്പുന്ന നമ്മുടെ ഉല്‍ക്കര്‍ഷം ഉന്നതം തന്നെ. പക്ഷേ, സ്‌നേഹശുശ്രൂഷ ചെയ്യാത്ത മുറികള്‍ മുറിവുകളായി പഴുക്കും. വീടിനകത്തുതന്നെ നിര്‍ജീവതയില്‍ ഉപേക്ഷിക്കപ്പെടും നാമപ്പോള്‍.
നമ്മുടെ തന്നെ വലിയ ശരീരമാണ് വീടുകള്‍. ഓരോ മുറിയും നമ്മുടെ തന്നെ അവയവങ്ങളുമാണ്. സൂര്യപ്രകാശത്തില്‍ ഉണരുകയും രാവിന്റെ നിശ്ചലതയില്‍ ഉറങ്ങുകയും ചെയ്യുമത്. സ്വപ്നങ്ങളില്ലാത്തവയല്ല ആ വീടുകള്‍. പക്ഷേ, ഇപ്പോള്‍ നമ്മുടെ ശരീരങ്ങള്‍? വിപണിമാലിന്യങ്ങളത്രയും ഏല്‍ക്കുന്ന ഉടലാണ് നമ്മുടേത്. വിഷപദാര്‍ഥങ്ങള്‍ ദഹിപ്പിക്കുന്ന ദഹനവ്യവസ്ഥയാണ് നമ്മുടേത്. നമ്മുടെ രുചി വീട്ടില്‍ നിന്നല്ല, പുറത്തുനിന്നാണിപ്പോള്‍. കഴിക്കുന്ന ഭക്ഷണവും കാണുന്ന കിനാവും പുറത്തുനിന്ന്. ഇങ്ങനെ കമ്പോളത്തിന്റെ വിസര്‍ജ്യങ്ങളെല്ലാം വന്നുനിറയുന്ന കുപ്പത്തൊട്ടിയാണിന്ന് നമ്മുടെ ശരീരം. അപ്പോള്‍ മാലിന്യങ്ങള്‍ വന്നുനിറയുന്ന വീടുകള്‍ നമുക്കൊരു ഭാരമല്ല. ദിവസവും മരിച്ചുകൊണ്ടിരിക്കുന്ന നാം മരിച്ചവരുടെ വീട്ടില്‍ ആണെന്നറിയുന്നതേയില്ല. നമ്മുടെ ശരീരം പോലെ ഒരുപാട് ദുര്‍മേദസ്സുകള്‍ നിറഞ്ഞ വീടുകള്‍ മതിയായി നമുക്കിന്ന്. ജീവന്‍ നിലച്ചുപോയ നമ്മുടെ ശരീരങ്ങള്‍ക്ക് ശ്വാസം നിലച്ചുതുടങ്ങിയ വീടുകള്‍.
ഇതൊക്കെ നമ്മുടെ ഗാര്‍ഹിക ഖേദങ്ങളായിരിക്കെ തന്നെ കേരളത്തില്‍ ഭൂമിയുടെ ലഭ്യത കുറഞ്ഞുവരുന്നു. ഇനി നമുക്ക് ആലോചിക്കാവുന്നത് ഒത്തുവാഴാവുന്ന വീടുകളാണ്. ഇതുവരെ ഒരുവീട്ടിലെ ഉടപ്പിറപ്പുകള്‍ മുതിരുന്ന മുറക്ക് പുതിയ പുതിയ വീടുകളുണ്ടാക്കി താമസം മാറി. ഇനിയങ്ങോട്ട് ഒന്നിലേറെ കുടുംബങ്ങള്‍ക്ക് ഒരു വീട്. കൂടെപ്പിറപ്പുകളോ സഹോദരങ്ങളോ ആവണം എന്നില്ല. സുഹൃത്തുക്കള്‍ക്കുമാകാം ഇങ്ങനെ ഒരു തുടക്കം. കുറച്ചുകൂടി വലുതും നിലകളുള്ളതുമായ വീടുകള്‍ പണിയുക. ഒരുമിച്ച് കുടിവയ്പ് തുടങ്ങുക. നിലം കിട്ടാനില്ലെന്ന പ്രശ്‌നത്തെ കൂടുതല്‍ നിലകളുള്ള വീടുകള്‍കൊണ്ട് പരിഹരിക്കുക. ചിലപ്പോള്‍ ഇപ്പോഴുള്ളതിലും ജീവിതം നിറഞ്ഞ പാര്‍പ്പിടങ്ങളായവ മാറും.
ഈ ആശയം പറയുന്നേരം വീട്ടുകാരി പറയുന്നു. 'ശരി തന്നെ. അടുക്കള വെവ്വേറെ വേണം'. ഒന്നിലേറെ അടുക്കളകള്‍ ഒരുമിച്ചരി വാര്‍ക്കുന്ന വീടുകള്‍. അതു തന്നെ ഇനിയുള്ള കാലത്തിനു നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."