നേരത്തെ മൂഡീസിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ആഘോഷിക്കുന്നുവെന്ന് ചിദംബരം
ന്യൂഡല്‍ഹി: അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷം.
ക്രെഡിറ്റ് റേറ്റിങ് കണക്കാക്കാന്‍ മൂഡീസ് ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമാണെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്ന് മൂഡീസിന്റെ റേറ്റിങ്ങിനെ പിന്തുണക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് പരിഹാസ്യമാണെന്ന് മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. മൂഡിസിന്റെ റേറ്റിങ് രീതിയെ ചോദ്യം ചെയ്ത് മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്, മൂഡിസിന് കത്തെഴുതിയ കാര്യവും ചിദംബരം ചൂണ്ടിക്കാട്ടി.
ശരിയായി പ്രവര്‍ത്തിക്കാത്ത മൂഡിസിന്റെ റേറ്റിങ് രീതി പുനഃപരിശോധിക്കണമെന്നായിരുന്നു നേരത്തെ അദ്ദേഹത്തിന്റെ ആവശ്യം. സ്വകാര്യ മേഖലയിലെ സ്ഥിര മൂലധന നിക്ഷേപം, ക്രെഡിറ്റ് വളര്‍ച്ച, തൊഴില്‍ മേഖലയിലെ വളര്‍ച്ച എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ ശരിയായ സൂചകങ്ങള്‍. മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഇവ അപകടത്തിലാണെന്നും ചിദംബരം പറഞ്ഞു.
ഇന്ത്യയിലെ ജനവികാരംമനസ്സിലാക്കുന്നതിന് മൂഡിസിനും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കും സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍, പട്ടിണി മരണങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം, ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ച, ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിലെ ദുരന്തങ്ങള്‍, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയാണ് രാജ്യത്തിന്റെ മൂഡ് (മാനസികാവസ്ഥ) മനസ്സിലാക്കാനുള്ള യഥാര്‍ഥ സൂചിക. നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ വ്യവസായ സൗഹൃദ രാഷ്്ട്രമാണെന്ന ലോക ബാങ്ക് റിപ്പോര്‍ട്ട്, രാജ്യത്തെ നേതാക്കളില്‍ ഏറ്റവും സ്വാധീനമുള്ളയാള്‍ മോദിയാണെന്ന പ്യൂ സര്‍വേ, ഇപ്പോഴത്തെ ക്രെഡിറ്റ് റേറ്റിങ് തുടങ്ങിയവ ഉപയോഗിച്ചാണ് സര്‍ക്കാര്‍ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി. പ്യൂ സര്‍വേ 2464 പേരുടെ അഭിപ്രായത്തെ മാത്രം അടിസ്ഥാനമാക്കി തയാറാക്കിയതാണെന്നും അല്ലാതെ രാജ്യത്തിന്റെ പൊതുവികാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ മൂഡ് മൂഡിസിന്റെ റേറ്റിങില്‍ കൂട്ടിച്ചേര്‍ത്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പറഞ്ഞു. മൂഡിസ് സംസാരിക്കുന്നത് നാളത്തെ സൂര്യോദയത്തെ കുറിച്ചാണ്, ഞങ്ങളുടെ വേവലാതി ഇന്നത്തെ ഇരുണ്ട മേഘങ്ങളെ കുറിച്ചാണെന്നും സിബല്‍ അഭിപ്രായപ്പെട്ടു.
റേറ്റിങ് കണക്കുകള്‍ കാണിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
രാജ്യത്തെ ജനങ്ങള്‍ റേറ്റിംഗ് ഭക്ഷിച്ച് കഴിയണമെന്നാണോ മോദി ആഗ്രഹിക്കുന്നതെന്ന് യെച്ചൂരി ചോദിച്ചു. ഇന്ത്യാക്കാരുടെ യഥാര്‍ത്ഥ ജിവിത രീതി മോശപ്പെട്ടുവെന്നാണ് എല്ലാ സൂചികകളും വ്യക്തമാക്കുന്നത്
.സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വളര്‍ച്ചയും ഇടിഞ്ഞു. ഗ്രാമങ്ങളില്‍ ദുരിതവും പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമാണ്. ലിംഗ അസമത്വവും വര്‍ധിച്ചു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം ആളുകളാണ് കൈയാളുന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
13 വര്‍ഷത്തിന് ശേഷമായിരുന്നു കഴിഞ്ഞദിവസം മൂഡീസ് രാജ്യത്തിന്റെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തിയത്. റേറ്റിങ് ഉയര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നതായി നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."