കള്ളനോട്ട് വേട്ട: മൂന്നുപേര്‍കൂടി പിടിയില്‍
തൊടുപുഴ: വണ്ടിപ്പെരിയാര്‍ കള്ളനോട്ട് കേസില്‍ മൂന്നുപേര്‍കൂടി പൊലിസ് പിടിയിലായി. തൃശൂര്‍ മൂരിയാട് കള്ളിവളപ്പില്‍ ജിന്റോ(22), ഇടുക്കി മുണ്ടിയെരുമ താന്നിമൂട്ടില്‍ ശ്രീജിത്ത് (24), ശ്രീജിത്തിന്റെ ബന്ധു നെടുങ്കണ്ടം കൂട്ടാര്‍ തുണ്ടിയില്‍ ജോബിള്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ കള്ളനോട്ട് സംഘം കഴിഞ്ഞ മെയ് എട്ടിന് അറസ്റ്റിലായിരുന്നു. ഇവരില്‍നിന്ന് 45 ലക്ഷം രൂപയുടെ അച്ചടിച്ച കള്ളനോട്ടും അഞ്ചുകോടി രൂപ അച്ചടിക്കാനുള്ള നിര്‍മാണ സാമഗ്രികളും ചൈനീസ് നിര്‍മിത മെഷീനും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേരാണ് മുന്‍പ് അറസ്റ്റിലായത്. ഇവര്‍ പിടിയിലായതോടെ മൂവര്‍സംഘം മുങ്ങുകയായിരുന്നു. ഗോവ, വയനാട്ടിലെ പുല്‍പ്പള്ളി, കോഴിക്കോട് മുതലായ സ്ഥലങ്ങളിലായിരുന്നു ഇവര്‍ ഒളിവില്‍ താമസിച്ചത്.
വൈകുന്നേരങ്ങളിലാണ് ഇവര്‍ നോട്ട് മാറുക. വലിയ ബിസിനസ് സ്ഥാപനങ്ങളില്‍ പോവാറില്ല. ഇടത്തരം സ്ഥാപനങ്ങളില്‍ പോയി സാധനസാമഗ്രികള്‍ വാങ്ങി 500ന്റെ കള്ളനോട്ട് നല്കി ബാക്കിവാങ്ങി മുങ്ങുകയാണു പതിവ്. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് ഡിവൈ.എസ്.പി എന്‍. എന്‍ പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."