വിവാദങ്ങള്‍ക്കിടയില്‍ കാസര്‍കോട്ട് പി.ജയരാജന്റെ കട്ടൗട്ട്
കാസര്‍കോട്: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കാസര്‍കോട്ട് പി.ജയരാജന്റെ കട്ടൗട്ട് ഉയര്‍ന്നു. ജില്ലയിലെ മുള്ളേരിയ പഞ്ചായത്ത് പരിധിയില്‍ കാറഡുക്കയിലാണ് പി.ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.
കാറഡുക്ക 13ാം മൈലിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. ജയരാജന്‍ സ്വയം മഹത്വവത്കരിക്കുകയാണെന്നും പാര്‍ട്ടിക്ക് മുകളില്‍ വളരാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടി നേതൃത്വം ശാസിച്ചതായി പറയുന്നു. പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ സംസ്ഥാന സെക്രട്ടറിയെ പോലും പ്രവര്‍ത്തകര്‍ കാര്യമായി ഗൗനിക്കുന്നില്ലെന്നും, അതേ സമയം ജയരാജന്‍ വരുമ്പോള്‍ ആരവമുയരുന്നതും മറ്റും സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനു പുറമെ ജയരാജനെ പുകഴ്ത്തി വീഡിയോ ആല്‍ബം കൂടി ഇറങ്ങിയത് നേതൃത്വത്തെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ജയരാജന്‍ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നത്. ഈ വിമര്‍ശനം കൂടുതല്‍ അംഗങ്ങളും തുടര്‍ന്നതോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തിന് ശേഷം നടന്ന കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ സപ്പോര്‍ട്ട് പി.ജെ. എന്നെഴുതിയ പി.ജയരാജന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് രണ്ടു കുട്ടികളുമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാസര്‍ക്കോട്ടെ കാറഡുക്കയില്‍ പാര്‍ട്ടിചിഹ്നമായ അരിവാള്‍ ചുറ്റിക ഘടിപ്പിച്ച തൂണില്‍ പി.ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്.
സംഭവത്തെ സി.പി.എം. ജില്ലാ നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ ശാസനക്ക് വിധേയനായ ആളെ പ്രവര്‍ത്തകര്‍ വീണ്ടും മഹത്വവത്കരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഇതേ തുടര്‍ന്ന് കട്ടൗട്ട് ഉയര്‍ത്തിയവരെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ നേതൃത്വം കീഴ്ഘടകത്തിന് രഹസ്യ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. ജില്ലയില്‍ വി.എസ്. ഓട്ടോസ്റ്റാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ജില്ലാ നേതൃത്വത്തിന് വീണ്ടും തലവേദന സൃഷ്ടിച്ചു കൊണ്ട് ജയരാജന്റെ കട്ടൗട്ട് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."