വഖഫ് വാടകക്കാര്‍ ഒഴിയാതിരുന്നാല്‍
തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ ആയിരക്കണക്കിനു വഖഫ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വഖഫുകള്‍ക്കു കീഴില്‍ അനേകായിരം മസ്ജിദുകളും മദ്രസ്സകളും നടത്തിപ്പോരുന്നുണ്ട്. ചുരുക്കം ചില വഖഫുകള്‍ ഒഴിച്ചു ഭൂരിഭാഗംവരുന്ന വഖഫ് സ്ഥാപനങ്ങളും ദൈനംദിന ചെലവു കണ്ടെത്തുന്നതിനു പ്രയാസം നേരിടുന്നവയാണ്. നൂറു കണക്കിനു വഖഫ് സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പണിതു വിവിധ ആവശ്യങ്ങള്‍ക്കായി വാടകയ്ക്കു നല്‍കി അതില്‍നിന്നു ലഭിക്കുന്ന തുച്ഛമായ തുകകൊണ്ടാണു ചെലവു നടത്തുന്നത്.
എന്നാല്‍, ഇത്തരത്തില്‍ വാടകയ്ക്കു നല്കിയ കെട്ടിടങ്ങളില്‍നിന്നു വാടകക്കാര്‍ ഒഴിയാതെയും വാടക നല്‍കാതെയുമിരിക്കുന്ന അവസരങ്ങളില്‍ വഖഫ് സ്ഥാപനങ്ങള്‍ക്കു മുന്നോട്ടുപോവുക പ്രയാസമാകും. കെട്ടിടങ്ങളില്‍നിന്ന് ഒഴിഞ്ഞു പോകാതിരിക്കണമെന്ന ഉദ്ദേശ്യത്തോടെയും വാടക നല്‍കാതിരിക്കണമെന്ന ചിന്തയോടെയും വാടകക്കാരില്‍ പലരും തങ്ങളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കുന്നതിനെതിരേ വഖഫ്സ്ഥാപനങ്ങളെ പ്രതിചേര്‍ത്തു സിവില്‍കോടതികളെ സമീപിക്കാറുമുണ്ട്.
അനധിക്യതമായി വാടക നല്‍കാതെയും വാടക ഇടപാടിന്റെ കാലാവധി അവസാനിച്ചശേഷവും കെട്ടിടങ്ങളില്‍ തുടരുന്ന വാടകക്കാരെ ഒഴിപ്പിക്കുന്നതിനു വേണ്ട കൃത്യമായ നിയമനടപടികളെകുറിച്ചു പല വഖഫ് സ്ഥാപങ്ങളുടെയും മുത്തവല്ലിമാരും ഭാരവാഹികളും അജ്ഞരാണ്. ഇതിനാല്‍ അനധിക്യതമായി തുടര്‍ന്നു വരുന്ന വാടകക്കാരെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു കാലതാമസമുണ്ടാകാറുണ്ട്.
വഖഫ്സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും അധികാരത്തിലുമുള്ള കെട്ടിടങ്ങളിലെ അനധികൃത താമസവും കൈയേറ്റവും സുഗമമായും കാലതാമസം കൂടാതെയും ഒഴിപ്പിച്ചെടുക്കുന്നതിനു വഖഫ് നിയമത്തില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടമടക്കമുള്ള വഖഫ്സ്ഥാപനങ്ങളുടെ വസ്തുവകകള്‍ അനധികൃതമായി കൈവശംവച്ചു വരുന്ന വ്യക്തികളെ ഒഴിപ്പിക്കുന്നതിനു വഖഫ് നിയമം 54-ാം വകുപ്പു പ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ്എക്‌സീക്യൂട്ടീവ് ഓഫീസറെ അധികാരപ്പെടുത്തിയിട്ടുണ്ട്. അനധികൃത കൈവശക്കാര്‍ക്കു നോട്ടീസ് നല്‍കി അവരുടെ വാദങ്ങള്‍ കേട്ടശേഷം വഖഫ് ട്രൈബ്യൂണല്‍ മുഖേന ഇത്തരം കൈയേറ്റക്കാരെയും അനധിക്യതതാമസക്കാരെയും നീക്കംചെയ്യാവുന്നതാണ്.
അബ്ദുള്‍സത്താര്‍ഹാജി മൂസാസേട്ട് എന്ന വഖഫിനു കീഴിലുള്ള മട്ടാഞ്ചേരിയിലെ കെട്ടിടമുറികളില്‍നിന്നു തന്നെ ഒഴിപ്പിക്കുന്നതിനു സംസ്ഥാന വഖഫ്‌ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവു ചോദ്യംചെയ്തു വാടകക്കാരിയായ മേഴ്‌സി ബേബി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പംതന്നെ മേഴ്‌സി ബേബി കൊച്ചി മുന്‍സിഫ് കോടതിയില്‍ അന്യായംബോധിപ്പിക്കുകയും ചെയ്തു.
വഖഫ് നിയമപ്രകാരം അനധികൃത കൈവശക്കാരെ ഒഴിപ്പിക്കുന്നതിനു സംസ്ഥാന വഖഫ്‌ബോര്‍ഡ് ചീഫ് എക്‌സീക്യൂട്ടീവ് ഓഫീസറുടെ അധികാരം ശരിവച്ച കോടതി ഈ കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ ഹര്‍ജിക്കാരിക്കു വഖഫ് നിയമം 83-ാം വകുപ്പു പ്രകാരം വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്നു വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിനു സിവില്‍കോടതികള്‍ക്കു നിയമാനുസ്യതം നിലവിലുള്ള വസ്തുതയും ചൂണ്ടിക്കാട്ടി ഹൈക്കോടതി മേഴ്‌സി ബേബി സമര്‍പ്പിച്ച റിട്ട്ഹര്‍ജി തള്ളി.
വാടകക്കാലാവധി അവസാനിച്ചശേഷവും വഖഫ്സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ തുടര്‍ന്ന വാടകക്കാര്‍ അനധികൃതകൈവശക്കാരുടെ നിര്‍വചനത്തില്‍ വരുമെന്നും കെട്ടിടങ്ങളില്‍നിന്ന് ഇത്തരമാളുകളെ നീക്കം ചെയ്യുന്നതിനു സംസ്ഥാന വഖഫ്‌ബോര്‍ഡ് ചീഫ് എക്‌സീക്യൂട്ടീവ് ഓഫീസര്‍ സ്വീകരിക്കുന്ന നടപടികളും ഉത്തരവുകളും ചോദ്യംചെയ്തു ഹൈക്കോടതി മുമ്പാകെ റിട്ട് ഹര്‍ജികള്‍ ബോധിപ്പിക്കുന്നതു ശരിയല്ലെന്നുംവ്യക്തമാക്കിയാണ് ഈ കേസില്‍ ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
കേരളസംസ്ഥാന വഖഫ്‌ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന വഖഫ് സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റികളും മുത്തവല്ലി അടക്കമുള്ള ഭാരവാഹികളും വഖഫ് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചു പ്രാഥമികമായ പരിജ്ഞാനം നേടേണ്ടത് ഇത്തരംസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനും അവയ്ക്കു കീഴിലുള്ള സ്ഥാവരജംഗമവസ്തുക്കള്‍ യഥാവിധി കൈകാര്യംചെയ്യുന്നതിനും അത്യാവശ്യമാണ്.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്ഥമായി വഖഫ്സ്ഥാപങ്ങളുടെ സൗകര്യാര്‍ഥം സംസ്ഥാന വഖഫ് ബോര്‍ഡ് വിവിധ മേഖലാ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരോ മേഖലയ്ക്കു കീഴിലുമുള്ള വഖഫ്സ്ഥാപനങ്ങളുടെമുത്തവല്ലി അടക്കമുള്ള ഭാരവാഹികള്‍ക്കും വഖഫ് കമ്മിറ്റികള്‍ക്കും വഖഫ് നിയമങ്ങളെക്കുറിച്ചും മുത്തവല്ലിഅടക്കമുള്ള ഭാരവാഹികളുടെ നിയമാനുസൃത കടമകള്‍, കര്‍ത്തവ്യങ്ങള്‍, അവകാശങ്ങള്‍എന്നിവ സംബന്ധമായി ചര്‍ച്ചകളും സെമിനാറുകളും നടത്തുന്നതിനു കേരളസംസ്ഥാന വഖഫ്‌ബോര്‍ഡ് മുന്‍കൈ എടുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."