പത്മാവതിയുടെ റിലീസ് തടയണമെന്ന ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി സുപ്രിം കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലുള്ളതുകൊണ്ട് റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അവരാണെന്നും സുപ്രിം കോടതി വിലയിരുത്തി.
അതേസമയം പത്മാവതിയുടെ പ്രദര്‍ശനത്തിന് മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിരോധനം എര്‍പ്പെടുത്തി. രജ്പുത്ര സമുദായക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അതിനിടയില്‍ സിനിമ സംവിധാനം ചെയ്ത ബന്‍സാലിയുടെയും പത്മാവതിയുടെ വേഷമിട്ട ദീപിക പദുകോണിന്റേയും തലയെടുക്കുമെന്ന് ഭീഷണിമുഴക്കിയ ഹരിയാനയിലെ ബി.ജെ.പി നേതാവ് സൂരജ് പാല്‍ ആമുവിന്റെ പ്രഖ്യാപനത്തിനെതിരേ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയതിന് സൂരജ് പാലിനെതിരേ ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് അനില്‍ ജെയ്ന്‍ രംഗത്തെത്തി. സിനിമയ്‌ക്കെതിരേ പ്രതിഷേധമുണ്ടെങ്കിലും ഇത്തരത്തിലുള്ള ഭീഷണി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പത്മാവതി സിനിമയ്‌ക്കെതിരായ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നയമാണ് ഇതിനു പിന്നിലുള്ളതെന്നും അവര്‍ പറഞ്ഞു. സിനിമയ്‌ക്കെതിരായ പ്രതിഷേധത്തിനു പിന്നില്‍ ഭരണ പക്ഷത്തുള്ള പാര്‍ട്ടി നടത്തുന്ന കരുതിക്കൂട്ടിയുള്ള നീക്കമാണ്. ഇത് ചെറുത്തുതോല്‍പിക്കാനായിട്ടില്ലെങ്കില്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."