നൈജീരിയയില്‍ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം
അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ അദമാവയില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അദമാവയുടെ തലസ്ഥാനമായ യോലയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മൂബി ടൗണിലെ മദീന പള്ളിയിലായിരുന്നു ആക്രമണം. ഇന്നലെ പ്രഭാത നിസ്‌കാര സമയത്തായിരുന്നു ബോംബാക്രമണം നടന്നത്. പ്രാര്‍ഥനയ്‌ക്കെന്ന വ്യാജേന പള്ളിയിലെത്തിയ യുവാവ് നിസ്‌കാരം നടക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണു നിഗമനം.
പള്ളിക്കുള്ളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സ്വാധീനമുള്ള രാജ്യമാണ് നൈജീരിയ. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബോക്കോ ഹറാമിനെതിരാണ് രാജ്യത്തെ ഭൂരിഭാഗം വിശ്വാസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."