വൈകല്യത്തെ അതിജയിച്ച മന്ദസ്മിതം
ഇരുകൈകളും കാലുകളുമില്ലാതെ ഭൂമുഖത്ത് ജനിച്ചു വീഴുന്നവര്‍ പിന്നീട് ലോകത്തിന്റെ നെറുകയില്‍ മുത്തമിടുന്ന വാര്‍ത്തകള്‍ അപൂര്‍വമാണ്. അംഗവൈകല്യത്തിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് അവര്‍ ലോകം കീഴടക്കുമ്പോള്‍ ആദ്യം കരഞ്ഞുതീര്‍ത്ത മാതാപിതാക്കള്‍ അന്നു ചിരിച്ചിരിക്കും. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുകൊണ്ട് മുന്നേറാന്‍ പ്രാപ്തരാക്കുന്ന മാതാപിതാക്കള്‍ക്കു തന്നെയാണ് അവരുടെ വളര്‍ച്ചയില്‍ ബിഗ് സല്യൂട്ട് നല്‍കേണ്ടത്. പറഞ്ഞുവരുന്നത് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പള്ളിപ്പടി അബൂബക്കര്‍-മഹ്ജബി ദമ്പതികളുടെ അഞ്ചാമത്തെ മകന്‍ ശിഹാബിനെക്കുറിച്ചാണ്.
വെല്ലുവിളികളെ അതിജയിക്കുന്നു
ജനിച്ചപ്പോള്‍ തന്നെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിയാണ് താനെന്ന് ശിഹാബ് തന്നെ പറയുന്നുണ്ട്. കാരണം 25 ശതമാനം ശരീരവുമായി ജനിച്ച ശിഹാബിന് രണ്ടുമാസത്തില്‍ കൂടുതല്‍ ആയുസുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വിധിയെഴുതിയിരുന്നു. പ്രാര്‍ഥനകളും ചികിത്സകളുമെല്ലാം ആ വിധിയെ തടഞ്ഞുനിര്‍ത്തി. ജീവിക്കുക എന്ന വെല്ലുവിളിയെ അതിജയിക്കാന്‍ കുഞ്ഞുമനസില്‍ ദൈവത്തിന്റെ കൈയൊപ്പും ചേര്‍ന്നപ്പോള്‍ ഭൂമുഖത്തെത്തി, എല്ലാം കീഴടക്കി.
ഇരുകാലുകളില്ലാതിരുന്നിട്ടും പതുക്കെ നടക്കാന്‍ തുടങ്ങിയപ്പോള്‍ മാതാവിന്റെ പ്രോത്സാഹനമായ വാക്കുകള്‍ അവന്‍ നെഞ്ചോടു ചേര്‍ത്തുവച്ചു. 'രണ്ടു കാലുകളില്ലാത്ത നീ ഈ ലോകത്ത് നടന്നുകാണുന്നതാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്'. ആ വാക്കുകള്‍ ശിഹാബിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ജീവവായുവായി മാറി. പോളിയോ ബാധിച്ച് ഇരുകാലുകളും കുഴഞ്ഞ് നടക്കാന്‍ കഴിയാതിരുന്ന വിശ്വപ്രസിദ്ധയായ വീല്‍മ റുഡോള്‍ഫ് നടക്കാന്‍ വേണ്ടി മാതാവുമായി കലഹിച്ചതിനോട് മറ്റൊരു തരത്തില്‍ \
തുല്യമാകുന്ന മാതൃവചനങ്ങള്‍. പഠിച്ചെടുക്കുന്നു, മികച്ചുനില്‍ക്കുന്നു
പ്രതിസന്ധികള്‍ വന്നുചേരുമ്പോഴും അതെല്ലാം വെല്ലുവിളിയായി സ്വീകരിക്കുക എന്നത് ശിഹാബിന്റെ ഹോബിയായി. ചെറുപ്രായത്തില്‍ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് എട്ടാം ക്ലാസിലാണ് സ്‌കൂളിന്റെ വാതില്‍പടി ചവിട്ടിയത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കിട്ടിയ മാര്‍ക്ക് ബന്ധുക്കളെയും സ്‌കൂള്‍ അധികൃതരെയും മാത്രമല്ല, നാട്ടുകാരെയും ഞെട്ടിച്ചു. കൈകള്‍ക്ക് ശേഷിയില്ലാത്ത ശിഹാബ് അന്നു നേടിയെടുത്തത് 94 ശതമാനം മാര്‍ക്കായിരുന്നു. ശാരീരിക അവശതകളെ മനശക്തികൊണ്ട് പൂര്‍ണമായും കീഴടക്കാമെന്നതിന് വലിയ തെളിവായിരുന്നു അത്.
ഡിസ്റ്റിങ്ഷനോടെ പ്രീ ഡിഗ്രിയും ഡിഗ്രിയും പാസായ ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദത്തിന് അഡ്മിഷന്‍ വാങ്ങി. ഏറ്റവും പ്രഗത്ഭരായ അധ്യാപകര്‍ക്കു കീഴില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. ഈ വര്‍ഷമാണ് ശിഹാബ് പി.ജി കഴിഞ്ഞ് പുറത്തിറങ്ങിയത്.
ഉഗ്രം ഉജ്വലം ഈ ജീവിതം
ഒരു സാധാരണ കുട്ടിക്കുപോലും എത്തിപ്പെടാന്‍ കഴിയാത്തവിധം അസൂയാവഹമായിരുന്നു ശിഹാബ് കൈവരിച്ച നേട്ടങ്ങള്‍. 'ഉഗ്രം ഉജ്വലം' എന്ന പരിപാടിയിലൂടെ പതിനായിരക്കണക്കിന് പ്രേക്ഷകരെ ത്രസിപ്പിച്ച് പാട്ടിനനുസരിച്ച് നൃത്തംചവിട്ടി തന്റെ അവശതയെ മറന്നു ശിഹാബ് കാഴ്ചവച്ച മികവ് ശ്രദ്ധേയമായിരുന്നു.
നിമിഷനേരം കൊണ്ട് ബ്രഷ് ചായംമുക്കി ചിത്രം വരക്കുന്ന അത്ഭുത പ്രതിഭ, വയലിനും പിയാനോയും നന്നായി വായിക്കാന്‍ കഴിയുന്ന സംഗീതപ്രേമി, ഡാന്‍സര്‍.. നീണ്ടുപോവുകയാണ് ശിഹാബിന്റെ മേഖല. നിരവധി ചാനല്‍ ഷോകളില്‍ ശിഹാബ് മികച്ച ഡാന്‍ഡസറായി തിരഞ്ഞെടുക്കപ്പെട്ടു. പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ശിഹാബിന് സ്‌നേഹചുംബനം നല്‍കി ആശ്ലേഷിച്ച് ആ മനക്കരുത്തിന് മുന്നില്‍ നമ്രശിരസ്‌കരായി.
ട്രെയിനിങ് മേഖലയില്‍ ഇപ്പോള്‍ തന്നെ മദ്രാസ് ഐ.ഐ.ടിയില്‍ ഉള്‍പ്പെടെ 500ലധികം വ്യക്തിത്വ വികസന ക്ലാസുകള്‍ എടുത്തിട്ടുണ്ട്. ലോകം അറിയപ്പെടുന്ന ട്രെയിനറാവണമെന്ന ശിഹാബിന്റെ ആഗ്രഹത്തിനോട് പ്രപഞ്ചം മുഴുവനും കൂടെച്ചേരുമെന്നതില്‍ സംശയമില്ല.
എംപവര്‍ പദ്ധതിയുടെ സൂത്രധാരന്‍
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാജിക് പ്ലാനറ്റിന്റെ സ്വയംതൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായി രൂപംകൊണ്ട എംപവര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ശിഹാബ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ പദ്ധതി. മജീഷ്യന്‍ മുതുകാടിന്റെ നേതൃത്വത്തിലാണ് വിവിധതരം ഭിന്നശേഷിക്കാരായ കുട്ടികളെ ഉള്‍പ്പെടുത്തി മാജിക് ടീമിനെ രൂപപ്പെടുത്തിയത്. ഇതിന്റെ സൂത്രധാരനും ശിഹാബാണ്. എംപവര്‍ പദ്ധതി നാടിനു സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 250 കോടിയുടെ വികസന പദ്ധതികളാണ് ഭിന്നശേഷിക്കാര്‍ക്കായി പ്രഖ്യാപിച്ചത്. ഇതിന്റെയെല്ലാം പിന്നില്‍ ഈ പൂക്കോട്ടൂരുകാരന്‍ ശിഹാബിന്റെ കൈയൊപ്പ് കാണാന്‍ കഴിയും.
അംഗീകാരങ്ങള്‍
അംഗീകാരങ്ങളൊന്നും അലങ്കാരമായിരുന്നില്ല ശിഹാബിന്. എല്ലാം പുതിയ വഴികളിലേക്കുള്ള വെളിച്ചവും തെളിച്ചവുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടെ നിരവധി തവണ ശിഹാബ് അനുമോദിക്കപ്പെട്ടിട്ടുണ്ട്. സംഘമിത്ര അവാര്‍ഡ്, നിം അവാര്‍ഡ്, ജയ്ഹിന്ദ് ടി.വിയുടെ യുവതാര അവാര്‍ഡ്, കൈരളിയുടെ കിംസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഈ ചെറുപ്രായത്തില്‍ തന്നെ ശിഹാബിനെ തേടിവന്നു.
പ്രതിസന്ധികളും പ്രയാസങ്ങളുമല്ല, മറിച്ച് അതിനോടുള്ള മനോഭാവമാണ് മാറേണ്ടത് എന്ന പാഠമാണ് ശിഹാബ് ലോകത്തെ പഠിപ്പിക്കുന്നത്. എപ്പോഴും പ്രസന്നവദനനായിരിക്കുന്നതും വളരെ സൗഹൃദത്തോടുള്ള പെരുമാറ്റവും എല്ലാറ്റിനുമുള്ള ആത്മവിശ്വാസവുമാണ് ശിഹാബിന്റെ കൈമുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."