വ്യാപം അഴിമതിക്കേസ്: 200 പ്രതികള്‍ക്കെതിരേ അറസ്റ്റ് വാറണ്ട്
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വ്യാപം അഴിമതിക്കേസില്‍ 200 പ്രതികള്‍ക്കെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുവരെ വാദം കേട്ടശേഷമാണ് പ്രതികള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ വിവിധ കോഴ്‌സുകളിലേയ്ക്കും ജോലികള്‍ക്കുമായി നടത്തിയ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നതാണ് വ്യാപം കേസിന്റെ അടിസ്ഥാനം.
അന്വേഷണത്തില്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാതെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് കോഴ്‌സിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതായി കണ്ടെത്തി. ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ നല്‍കിയാണ് പ്രവേശനം നേടിയതെന്ന് കണ്ടെത്തിയിരുന്നു.
1500 പേജ് വരുന്ന കുറ്റപത്രത്തില്‍ ആദ്യം 592 പേരെയാണ് പ്രതിചേര്‍ത്തിരുന്നത്.
പിന്നീട് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാതെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയതുമായി ബന്ധപ്പെട്ട 229 പേരെകൂടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇന്‍ഡോറിലെ ഇന്‍ഡക്‌സ് മെഡിക്കല്‍ കോളജ്, എല്‍.എന്‍ മെഡിക്കല്‍ കോളജ്. പീപ്പിള്‍ മെഡിക്കല്‍ കോളജ്, ചിരായു മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാതെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതെന്ന് കണ്ടെത്തി.
മധ്യപ്രദേശ് വ്യാവസായിക പരീക്ഷാ മണ്ഡലിലെ നാല് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍ മുന്‍ ഡയരക്ടര്‍ എസ്.സി തിവാരി, മുന്‍ ജോയിന്റ് ഡയരക്ടര്‍ എം.എന്‍ ശ്രീവാസ്തവ, വ്യാപം മുന്‍ ഡയരക്ടര്‍ പങ്കജ് ത്രിവേദി, മുന്‍സീനിയര്‍ സിസ്റ്റം അനലിസ്റ്റ് നിതിന്‍ മൊഹീന്ദ്ര, മുന്‍ ഡെപ്യൂട്ടി സിസ്റ്റം അനലിസ്റ്റ് അജയ്കുമാര്‍ സെന്‍, പ്രോഗ്രാമര്‍ സി.കെ മിശ്ര എന്നിവരാണ് പ്രതിപ്പട്ടികയിലെ പ്രമുഖര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."