ഏരുവേശിയില്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ അക്രമം; നിരവധിപേര്‍ക്ക് പരുക്ക്
ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു
ശ്രീകണ്ഠപുരം (കണ്ണൂര്‍): വ്യാപക അക്രമത്തിനൊടുവില്‍ ഏരുവേശി സഹകരണ ബാങ്ക് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. ആകെ പോള്‍ ചെയ്ത 900 വോട്ടുകളില്‍ എല്‍.ഡി.എഫിന് 803ഉം യു.ഡി.എഫിന് 97ഉം വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ രണ്ടുദിവസമായി പ്രവര്ത്തകര്ക്കുനേരയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.
നേരത്തേ യു.ഡി. എഫ് ഭരിച്ചിരുന്ന ബാങ്കാണിത്. തെരഞ്ഞെടുപ്പ് നടന്ന 13 സീറ്റിലും എല്‍.ഡി.എഫാണ് വിജയിച്ചത്. ഏരുവേശി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ എന്‍. നാരായണനെ ഭരണസമിതി യോഗം ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുത്തു.
ചെമ്പേരി നിര്‍മ്മല സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് ബൂത്തിലേക്കു പോകാന്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ എല്‍.ഡി.എഫുകാര്‍ അനുവദിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടാക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. നെല്ലിക്കുന്ന് സ്വദേശിയും പയറ്റിയാലിലെ ക്രഷര്‍ ജീവനക്കാരനുമായി പെരുമാറ്റിക്കുന്നേല് ബൈജുവിനെ ബൈക്ക് കയറ്റി കൊല്ലാനും ശ്രമമുണ്ടായി. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ക്രഷറിലേക്ക് പോവുകയായിരുന്ന ബൈജുവിനെ ചെമ്പേരി പാലത്തിനുസമീപം വച്ചാണ് അക്രമിച്ചത്. ബൈക്കില്‍നിന്ന് താഴെ വീണ ഇയാള്‍ക്ക് ഇരുമ്പുവടികൊണ്ട് ദേഹമാസകലം മര്‍ദനമേറ്റു. തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ പ്രഥമശ്രുശ്രൂഷ നല്‍കിയതിനു ശേഷം ബൈജുവിനെ മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രത്യേക രാഷ്ട്രീയബന്ധമൊന്നുമില്ലാത്തയാളാണ് ബൈജു. ഇയാളെ ആളുമാറി മര്ദ്ദിച്ചതാവാമെന്നാണ് പൊലിസ് കരുതുന്നത്. ചെമ്പേരിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് മണിമല ബാബുവിന്റെ വീടിനുനേരെയാണ് അക്രമം നടന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നിലവില്‍ ബാങ്ക് പ്രസിഡന്റുമായ ജോസഫ് കൊട്ടുകാപ്പുള്ളിക്കു നേരെ അക്രമം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ചെമ്പേരിയില്വച്ച് ഏരുവേശി പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ എം.കെ രാഘവന് (47), വെട്ടിക്കല്‍ ജിനു (43) എന്നിവര്‍ അക്രമിക്കപ്പെട്ടിരുന്നു. ചെറിയ അരീക്കാമലയിലെ പുതുക്കുടി മനോഹരന്, കുടിയാന്മലയിലെ അനന്തക്കാട്ട് മാര്ട്ടിന് എന്നീ കോണ്‍ഗ്രസ്പ്രവര്‍ത്തകരുടെ ജീപ്പുകള്‍ തകര്‍ക്കുകയും ചെയ്തു. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."