ട്രെയിന്‍ വൈകിയോട്ടം: യാത്രക്കാര്‍ ദുരിതത്തില്‍
തിരുവനന്തപുരം: ട്രെയിന്‍ വൈകിയോട്ടം തുടര്‍ക്കഥയായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. സംസ്ഥാനത്ത് ട്രെയിന്‍ സര്‍വിസുകള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അറിയിച്ചതോടെ സ്ഥിരം യാത്രക്കാര്‍ ആശങ്കയിലായിരിക്കുകയാണ്.
റെയില്‍പ്പാളങ്ങളിലെ അറ്റകുറ്റപ്പണികള്‍ തീരാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരുമെന്ന് റെയില്‍വെ അറിയിച്ചത്. ഷൊര്‍ണൂറിനും എറണാകുളത്തിനും ഇടയില്‍ രാവിലെ പത്തിനും വൈകിട്ട് നാലിനും സര്‍വിസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രെയിനുകള്‍ വൈകുന്നത് കാരണം യാത്രക്കാര്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് റെയില്‍വേയുടെ പ്രതികരണം.
ട്രെയിന്‍ വൈകുന്നത് സംബന്ധിച്ച പരാതി പറഞ്ഞാല്‍ റെയില്‍വേ അധികൃതര്‍ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. അറ്റകുറ്റപ്പണിയെക്കാള്‍ ഓപ്പറേറ്റിങ് വിഭാഗത്തിന്റെ വീഴ്ചയാണ് ട്രെയിനുകള്‍ വൈകാന്‍ ഇടയാക്കുന്നതെന്ന് വ്യക്തമായതോടെയാണ് റെയില്‍വേ പുതിയ കാരണങ്ങളുമായി രംഗത്തുവന്നിട്ടുള്ളതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
പുതിയ സമയക്രമം ട്രെയിനുകള്‍ വൈകാനിടയാക്കുന്ന സാഹചര്യത്തില്‍ അതു പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. പാത ഇരട്ടിപ്പിക്കലിന്റെയും വൈദ്യുതീകരണത്തിന്റെയും ആനുകൂല്യങ്ങള്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നു റെയില്‍വേ യൂസേഴ്‌സ് കമ്മിറ്റി പറയുന്നു.
രാജ്യമൊട്ടാകെ നടപ്പാക്കി വരുന്ന സുരക്ഷാ ഡ്രൈവിന്റെ ഭാഗമായാണ് സംസ്ഥാനത്തും അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതെന്നാണ് ഇതുസംബന്ധിച്ച വിശദീകരണം. ആധുനിക ഉപകരണങ്ങളും ആവശ്യത്തിലധികം ജീവനക്കാരെയും നിയോഗിച്ച് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."