അവയവം മാറ്റിവയ്ക്കലിന്റേയും ചികിത്സയുടേയും നിരക്കുകള്‍ ഏകീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടേയും അതിനുള്ള ചികിത്സയുടേയും നിരക്കുകള്‍ ഏകീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച് മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കയും ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുക, കാരുണ്യ പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയവ പരിഗണനയിലാണ്. അവയവങ്ങള്‍ ദാനം ചെയ്ത കുടംബാംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പും സാമൂഹ്യസുരക്ഷാ മിഷനും മൃതസഞ്ജീവനിയും സഹകരിച്ച് ഒരു ക്ഷേമ പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ഹൃദയം മാറ്റിവയ്ക്കല്‍ നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇടക്കാലത്ത് നിലച്ചുപോയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുനരുജ്ജീവിപ്പിക്കാന്‍ സത്വര നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കുന്നവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പ്രക്രിയ കൂടുതല്‍ സുഗമമാക്കണമെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നുമുള്ള ആവശ്യം പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വിഷയവും ഗൗരവമായി പരിഗണിക്കും. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ട്രാന്‍സ്പ്ലാന്റ് സെന്ററുകളുടെ നിലവാരം നിശ്ചയിക്കും. അവയവങ്ങള്‍ മാറ്റിവച്ചവരുടെ ഒരു ഡിജിറ്റല്‍ ഡേറ്റാ ബാങ്ക് തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മസ്തിഷ്‌ക മരണാനന്തര അവയവദാന രംഗത്ത് മികച്ച സംഭാവന നല്‍കിയ ഡോക്ടറിനുള്ള ഡോ. രാംദാസ് പിഷാരടി സ്മാരക പുരസ്‌കാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. ഈശ്വര്‍ എച്ച്.വിക്ക് മുഖ്യമന്ത്രി സമര്‍പ്പിച്ചു. മന്ത്രി കെ.കെ.ശൈലജ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."