ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ബുധനാഴ്ച തുടക്കം
ദോഹ: ഇരുപത്തിയെട്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ബുധനാഴ്ച തുടക്കമാകും. അറിവുള്ള സമൂഹത്തിലേക്ക് എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തകമേള ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് അരങ്ങേറുക.
അറബ് ഉള്‍പ്പെടെ 29 രാജ്യങ്ങളില്‍ നിന്നായി 400 പ്രസാധകരാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്.
നിരവധി പ്രസാധകര്‍ പുസ്തക മേളയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ച് സമീപിച്ചിരുന്നുവെങ്കിലും സ്ഥലപരിമിതിയെ തുടര്‍ന്ന് പങ്കെടുപ്പിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ പത്തു ദിവസമുണ്ടായിരുന്ന പുസ്തക മേള ഏഴു ദിവസമായി കുറച്ചിട്ടുണ്ട്. പ്രസിദ്ധമായ പുസ്തകമേളകളില്‍ പലതും അഞ്ച് ദിവസത്തില്‍ കൂടുതല്‍ ദിനങ്ങളുണ്ടാവാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളുടെ 82 പ്രസാധകര്‍, 241 അറബ് പ്രസാധകര്‍, 26 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍, 24 പ്രതിനിധികള്‍ തുടങ്ങിയവയാണ് പുസ്തകമേളയില്‍ പങ്കെടുക്കന്നത്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള. മാത്രമല്ല, അറബിക്ക്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി വലിയ പങ്കാളിത്തമാണ് പുസ്തകമേളയ്ക്ക് ഉണ്ടാവാറുള്ളത്.
1972ല്‍ ആരംഭിച്ച പുസ്തകമേള രണ്ടു വര്‍ഷം കൂടുമ്പോഴായിരുന്നു സംഘടിപ്പിച്ചിരുന്നത്. പിന്നീട് 2002 മുതലാണ് പ്രതിവര്‍ഷമായി സംഘടിപ്പിക്കാന്‍ തുടങ്ങിയത്.
പുസ്തകമേളയിലെ 18185 ടൈറ്റിലുകളില്‍ 15423 എണ്ണം അറബിക്കും 2762 എണ്ണം മറ്റു വിദേശഭാഷകളുമാണ്.
മേളയില്‍നിന്നു വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 25 ശതമാനം കിഴിവ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."