10,000 മീറ്ററില്‍ മോ ഫറ
റിയോ ഡി ജനീറോ: പുരുഷന്മാരുടെ 10,000 മീറ്ററില്‍ ബ്രിട്ടന്റെ ദീര്‍ഘദൂര ഇതിഹാസം മോ ഫറയ്ക്ക് സ്വര്‍ണം. 27.05.17 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഫറ സുവര്‍ണ നേട്ടം കൊയ്തത്. 10.000 മീറ്ററില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് സ്വര്‍ണമാണിത്. കെനിയയുടെ പോള്‍ കിപന്ഗെറ്റിച്ച് തനുയിക്ക് വെള്ളിയും എത്യോപ്യയുടെ താമിറത്ത് തോല വെങ്കലവും സ്വന്തമാക്കി. 5000 മീറ്ററിലും ഫറ മത്സരിക്കുന്നുണ്ട്. ഈ വിഭാഗത്തിലും നിലവിലെ ജേതാവാണ് താരം.
അത്യന്തം നാടകീയത നിറഞ്ഞ പോരാട്ടത്തിലാണ് ഫറ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 10ാം ലാപ്പില്‍ ഫറ ട്രാക്കില്‍ അടിതെറ്റി വീണിരുന്നു. അമേരിക്കന്‍ താരം ഗാലെന്‍ റുപ്പുമായി കൂട്ടിയിടിച്ചായിരുന്നു വീണത്. എന്നാല്‍ ഇതിനെ സമര്‍ഥമായി മറികടന്ന ഫറ അതിവേഗത്തിലൂടെ എതിരാളികളെ മറികടക്കുകയായിരുന്നു. അതേസമയം 5000 മീറ്ററിലും സ്വര്‍ണം നേടിയാല്‍ തുടര്‍ച്ചയായ രണ്ടു ഒളിംപിക്സുകളില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ ബ്രിട്ടീഷ് അത്ലറ്റെന്ന നേട്ടം സ്വന്തമാക്കാന്‍ ഫറയ്ക്ക് സാധിക്കും.
മത്സര ശേഷം വികാരാധീനനായി ഫറ മാധ്യമങ്ങളോട് പ്രതികരിച്ചു. ട്രാക്കില്‍ വീണതോടെ ഇത്രയും കാലത്തെ കഠിനാധ്വാനം മുഴുവന്‍ നഷ്ടമായതായി തോന്നിയെന്ന് ഫറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."