പരസ്യ പരാമര്‍ശമില്ല; റോഹിംഗ്യാ പ്രശ്‌നം പരോക്ഷമായി ഉന്നയിച്ച് മാര്‍പ്പാപ്പ
യാങ്കൂണ്‍: മുഴുവന്‍ വംശീയ വിഭാഗങ്ങളെയും ബഹുമാനിക്കാന്‍ ആഹ്വാനംചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍, കടുത്ത വംശീയാതിക്രമം നേരിടുന്ന റോഹിംഗ്യകളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ പോപ്പ് തയാറായില്ല.
മ്യാന്മര്‍ സന്ദര്‍ശനത്തിനിടെ ഒരു പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മാര്‍പ്പാപ്പ മനുഷ്യാവകാശത്തിലും സമാധാനത്തിലും ഊന്നി സംസാരിച്ചത്. നേരത്തേ, റോഹിംഗ്യാ പ്രശ്‌നം പ്രസംഗത്തില്‍ ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജ്യത്തെ ജനസംഖ്യയുടെ ഒരുശതമാനം വരുന്ന കത്തോലിക്കാ സമൂഹത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചര്‍ച്ച് വൃത്തങ്ങള്‍ തന്നെ വിഷയം വ്യക്തമായി പരാമര്‍ശിക്കരുതെന്ന് പോപ്പിനോട് ആവശ്യപ്പെട്ടതായാണു വിവരം. എന്നാലും റോഗിംഹ്യാ പ്രശ്‌നത്തെ പരോക്ഷമായി സൂചിപ്പിച്ചു തന്നെയാണ് അദ്ദേഹം പ്രസംഗിച്ചത്.
മ്യാന്മറിന്റെ ഭാവി സമാധാനമാകണം. സമൂഹത്തിലെ ഓരോ അംഗങ്ങളുടെയും അവകാശങ്ങളെയും അഭിമാനത്തെയും ബഹുമാനിക്കാനാകണം. എല്ലാ വംശീയ വിഭാഗങ്ങളെയും അവരുടെ സ്വത്വത്തെയും ബഹുമാനിക്കണം. എല്ലാ വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും പൊതുനന്മയ്ക്കായി തങ്ങളുടേതായ ഭാഗധേയം നിര്‍വഹിക്കാന്‍ സാധിക്കുന്ന ആരും പുറന്തള്ളപ്പെടാത്ത ജനാധിപത്യത്തെയും നിയമാധികാരത്തെയും ബഹുമാനിക്കുന്ന സമാധാനകാലമാണ് രാജ്യത്തിനു വേണ്ടത്. മ്യാന്മറിന്റെ ഏറ്റവും വലിയ സ്വത്ത് അതിന്റെ ജനതയാണ്. എന്നാല്‍, ആ ജനത ആഭ്യന്തര സംഘര്‍ഷവും ശത്രുതയും കാരണം കടുത്ത പീഡനങ്ങള്‍ അനുഭവിച്ചിരിക്കുന്നു. ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാജ്യമെന്ന നിലക്ക് ആ മുറിവ് ഉണക്കുന്നതിനാകണം രാജ്യത്തെ രാഷ്ട്രീയ- ആത്മീയ നേതൃത്വങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും റോഹിംഗ്യാ പ്രശ്‌നം സൂചിപ്പിച്ച് മാര്‍പ്പാപ്പ വ്യക്തമാക്കി.
പ്രസംഗത്തിനു മുന്‍പ് മാര്‍പ്പാപ്പ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി, പ്രസിഡന്റ് ടിന്‍ കിയാവു, സൈനിക മേധാവി ജനറല്‍ മിന്‍ ഔങ് എച്ച്‌ലെയിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് മതവിവേചനമില്ലെന്ന് സൈനിക മേധാവി പോപ്പിനെ ബോധ്യപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ വ്യാഴാഴ്ച ബംഗ്ലാദേശിലെത്തുന്ന അദ്ദേഹം അവിടെ കഴിയുന്ന റോഹിംഗ്യാ അഭയാര്‍ഥികളെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."