ഫുട്ബോള്‍: ബ്രസീലും ജര്‍മനിയും സെമിയില്‍
റിയോ ഡി ജനീറോ: ഒളിംപിക് പുരുഷ ഫുട്ബോളില്‍ ബ്രസീല്‍, ജര്‍മനി, നൈജീരിയ, ഹോണ്ടുറാസ് ടീമുകള്‍ സെമിയിലെത്തി. ബ്രസീല്‍ 2-0ത്തിനു കൊളംബിയയേയും നൈജീരിയ എതിരില്ലാത്ത രണ്ടു ഗോളിന് ഡെന്മാര്ക്കിനെയും ജര്‍മനി എതിരില്ലാത്ത നാലു ഗോളിന് പോര്‍ച്ചുഗലിനെയും ഹോണ്ടുറാസ് 1-0ത്തിനു ദക്ഷിണ കൊറിയയേയുമാണ് പരാജയപ്പെടുത്തിയത്. 17നു നടക്കുന്ന ആദ്യ സെമിയില്‍ ബ്രസീല്‍- ഹോണ്ടുറാസിനേയും 18നു ജര്‍മനി- നൈജീരിയയുമായും ഏറ്റുമുട്ടും.
ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഒളിംപിക് സെമിയാണ് ഇത്. സൂപ്പര്‍ താരം നെയ്മറാണ് ബ്രസീലിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ആദ്യ ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കിയതും നെയ്മറാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു ബ്രസീലിന്റേത്. അവസാന മത്സരത്തില്‍ നേടിയ ജയത്തിന്റെ ബലത്തിലാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ കൊളംബിയക്കെതിരേ പോരായ്മകള്‍ പരിഹരിച്ച പ്രകടനം അവര്‍ പുറത്തെടുത്തു. മികച്ച പാസുകളുമായി കളം നിറഞ്ഞ നെയ്മര്‍ 12ാം മിനുട്ടില്‍ തന്നെ ടീമിനെ മുന്നിലെത്തിച്ചു.
നെയ്മറിന്റെ തകര്‍പ്പനൊരു ഫ്രീകിക്ക് ലക്ഷ്യത്തിലെത്തുകയായിരുന്നു. റിയോയില്‍ താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ഗോള്‍ വീണ ശേഷം ഇരു ടീമുകളും പരുക്കന്‍ അടവുകളാണ് പുറത്തെടുത്തത്. ആന്ദ്രേസ് റോയയെ ഫൗള്‍ ചെയ്തതിന് നെയ്മറിനെ കൊളംബിയന്‍ താരങ്ങള്‍ തള്ളിയതാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. 21 ഫൗളുകളുകളാണ് ആദ്യ പകുതിയില്‍ പിറന്നത്.
രണ്ടാം പകുതിയില്‍ കൊളംബിയ മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണവും പുറത്തെടുത്തെങ്കിലും ഫിനിഷിങിലെ അഭാവം തിരിച്ചടിയായി. 83ാം മിനുട്ടില്‍ ലുവാന് ബ്രസീലിന്റെ ലീഡ് ഉയര്‍ത്തി. നെയ്മര്‍ നല്കിയ മികച്ച പാസ് മുതലെടുത്ത് താരം അനായാസം ഗോള്‍ നേടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."