റോഡ് പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്
ഇരിട്ടി: റോഡ് പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞുവീണു ഇരിട്ടിക്കടുത്ത് മാടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പാര്‍ശ്വ ഭിത്തിയോട് ചേര്‍ന്ന മണ്ണ് നീക്കം ചെയ്തിരുന്നു. ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷാമതില്‍ നിര്‍മിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പള്ളിമുറ്റത്തുണ്ടായിരുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് കൊടിമരവും മണ്ണിനൊപ്പം താഴേക്ക് പതിച്ചു.
കൊല്‍ക്കത്ത സ്വദേശി റബി മുര്‍മു (31 ) ആണ് മരിച്ചത്. നിര്‍മാണകമ്പനിയുടെ എന്‍ജിനീയര്‍ തൃശൂര്‍ സ്വദേശി എം.പി. അനൂപ് (28 ), നിര്‍മാണ തൊഴിലാളികളും ബംഗാള്‍ സ്വദേശികളുമായ ഗണേഷ് (21 ), സോമനാഥ് ദാസ് (35 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ ആണ് അപകടമുണ്ടായത്. ഇരുപതു മീറ്ററോളം പൊക്കത്തില്‍ നിന്നാണ് മണ്ണ് ഇടിഞ്ഞുവീണത്. മൂന്നുപേര്‍ പൂര്‍ണമായും മണ്ണിനടിയില്‍ അകപ്പെട്ടു പോയി. ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട സോമനാഥ് ആണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ മണ്ണുമാറ്റി തലഭാഗം മാത്രം പുറത്തു കണ്ടിരുന്ന അനൂപിനും ഗണേശിനും ശ്വസിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. രണ്ടു മണിക്കൂറോളം നേരത്തെ അഗ്നിശമനസേനയുടെയും പൊലിസിന്റെയും നാട്ടുകാരുടെയും പരിശ്രമമാണ് രണ്ടുപേരുടെയും ജീവന് രക്ഷിച്ചത്. കമിഴ്ന്നുവീണ റബി മുര്‍മു മണ്‍കൂനക്കുള്ളില്‍ അകപ്പെട്ടു പോയതാണ് മരണകാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."