നികുതി കുടിശ്ശിക അടച്ചവരുടെ പലിശ ഒഴിവാക്കും
പള്ളിക്കല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശിക അടച്ചുതീര്‍ക്കുന്നവര്‍ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 1994 ലെ കേരള മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 538(2) പ്രകാരം കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 209 (ഇ) യിലെ വ്യവസ്ഥകള്‍ ഇളവ് ചെയ്താണ് 2018 ഫെബ്രവരി അവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശിക അടച്ചുതീര്‍ക്കുന്നവര്‍ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കിയത്.
സാമ്പത്തികമാന്ദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. നേരത്തെ കുടിശിക അടച്ചുതീര്‍ക്കുന്നവര്‍ക്ക് പിഴപ്പലിശ മാത്രം ഒഴിവാക്കി മാര്‍ച്ച് വരെ സമയം നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ അടച്ചുതീര്‍ക്കുന്നവര്‍ക്കേ പുതിയ ഉത്തരവിലെ ആനുകൂല്യം ലഭിക്കൂ.
വിവിധ കാരണങ്ങളാല്‍ നികുതി അടയ്ക്കാന്‍ കഴിയാതെ കുടിശികയിനത്തില്‍ പലിശയും പിഴപ്പലിശയിനത്തിലുമായി ഭീമമായ തുക അടയ്ക്കാനുള്ളവര്‍ക്ക് പുതിയ ഉത്തരവ് ഏറെ ആശ്വാസകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."