തന്റെ ഫോട്ടോയുള്ള ഫ്‌ളക്‌സ് വേണ്ടെന്ന് ജയരാജന്‍
കണ്ണൂര്‍: സി.പി.എം സമ്മേളന പ്രചാരണത്തിന് തന്റെ ഫോട്ടോയുള്ള പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിക്കരുതെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവര്‍ത്തകര്‍ക്ക് ജയരാജന്‍ ഈ നിര്‍ദേശം നല്‍കിയത്. ജയരാജന്‍ വ്യക്തികേന്ദ്രീകൃത പ്രചാരണം നടത്തുന്നുവെന്ന് പാര്‍ട്ടിക്കകത്ത് വിമര്‍ശനം ഉയരുകയും സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തശേഷം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ വിവാദം അവസാനിപ്പിക്കുകയായിരുന്നു. പിന്നീടും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജയരാജന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 'സി.പി.എം സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോടെ നടന്നുവരികയാണ്. എന്നാല്‍, ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറണം. ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനു സഹായകരമാണ് ഇത്തരം ബോര്‍ഡുകള്‍. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശ്യം സാധ്യമാക്കുന്നതിനുവേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത് '.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."