കടലാക്രമണത്തില്‍ വയോധികനെ രക്ഷിച്ച പൊലിസുകാരന് അഭിനന്ദനപ്രവാഹം
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ചെല്ലാനത്തുണ്ടായ കടലാക്രമണത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയ വയോധികനെ രക്ഷിച്ച പൊലിസുകാരന് അഭിനന്ദന പ്രവാഹം.
നാട്ടുകാരില്‍ നിന്നും ഡിപ്പാര്ട്ടുമെന്റില് നിന്നും മാത്രമല്ല, വിദേശത്തുനിന്നുവരെ പൊലിസുകാരനെ തേടി അഭിനന്ദനം എത്തുകയാണ്. കണ്ണമാലി പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ ആന്‍ഡ്രൂസ് ആണ് കടലാക്രമണത്തില്‍ നിന്ന് വയോധികനെ രക്ഷപ്പെടുത്തിയത്.
അപ്രതീക്ഷിതമായി കടലാക്രമണമുണ്ടായ ജനവാസപ്രദേശമായ ചെല്ലാനംബസാറിലാണ് ആന്‍ഡ്രൂസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടലാക്രമണം രൂക്ഷമായതോടെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
പിന്നീട് പൊലിസിനും ഇവിടെ നില്ക്കാനാവാത്ത അവസ്ഥയായി. പിന്‍വാങ്ങുന്നതിനു മുന്‍പ് വീടുകള്‍ തോറും കയറി നടത്തിയ തിരച്ചലിലാണ് ആന്റണി എന്ന 65 കാരനെ ആന്‍ഡ്രൂസ് രക്ഷിച്ചത്.
കാലില്‍ സ്റ്റീല്‍ ഇട്ടിരുന്നതിനാല്‍ പുറത്തിറങ്ങാന്‍കഴിയാതെ വീട്ടിനകത്ത് ഭയന്നു കഴിഞ്ഞിരുന്ന ആന്റണിയെ ചുമന്നാണ് ആന്‍ഡ്രൂസ് പുറത്ത് എത്തിച്ചത്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."