ട്രംപിന്റെ യാത്രാവിലക്കിന് സുപ്രിംകോടതിയുടെ അംഗീകാരം
വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിന് യു.എസ് സുപ്രിംകോടതിയുടെ അംഗീകാരം. പരിഷ്കരിച്ച യാത്രാവിലക്കിന് പൂര്‍ണമായ നിയമസാധുത നല്‍കണമെന്ന ട്രംപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം, ഉത്തരവിനെ ചോദ്യം ചെയ്ത് നേരത്തെ വിവിധ കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കല്‍ തുടരുമെന്നും കോടതി അറിയിച്ചു.
അമേരിക്കയിലെ വിവിധ കീഴ്കോടതികളില്‍ ട്രംപിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് സുപ്രിംകോടതിയുടെ വിധി. ട്രംപിന് ആശ്വാസം നല്‍കുന്നതാണു വിധി. ഹരജികളില്‍ വാദം കേള്‍ക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കീഴ്കോടതികളോട് സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഹവായി, മേരിലാന്‍ഡ് ഫെഡറല്‍ കോടതികള്‍ നേരത്തെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
ജനുവരി 27നാണ് ഇറാന്, ഇറാഖ്, ലിബിയ, സൊമാലിയ, സിറിയ, സുദാന്‍, യമന്‍ രാജ്യങ്ങളിലെ പൗരന്മാര്ക്കും അഭയാര്‍ഥികള്‍ക്കും രാജ്യത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. ഇത് കോടതി തടഞ്ഞതോടെ ഉത്തരവ് രണ്ടു തവണ പരിഷ്കരിച്ചിരുന്നു. പട്ടികയില്‍നിന്ന് ഇറാഖിനെയും സുദാനെയും നീക്കി പകരം ഛാഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."