ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം: അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍
കൊണ്ടോട്ടി: വിമാനത്താവളത്തില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവത്തില്‍ സഹപാഠികളായ അഞ്ച് പെണ്‍കുട്ടികളെ പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ആതിര(21)യാണ് വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയിലായത്.
ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു (19), നെടുമങ്ങാട് നെട്ടരക്കോണം ആയില്യം വീട്ടില്‍ വൈഷ്ണവി (19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്‌സ് (19), ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ (19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയ് വീട്ടില്‍ ആതിര (19) എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റു ചെയ്തത്. ഇവരെ മഞ്ചേരിയിലെ സ്‌പെഷല്‍ എസ്.സി എസ്.ടി. കോടതിയില്‍ ഹാജരാക്കി.
തിരുവനന്തപുരം ഐ.പി.എം.എസ്. കോളജില്‍ രണ്ടാം വര്‍ഷ ബി.ബി.എ. ഏവിയേഷന്‍ വിദ്യാര്‍ഥിയായ ആതിര മൂന്ന് ആഴ്ച മുന്‍പാണ് വിമാനത്താവളത്തില്‍ പരിശീലനത്തിനായ് എത്തിയത്. വിമാനത്താവളത്തിന് സമീപത്തെ നൂഹ്മാന്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ 30നാണ് ആതിര കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്.സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം നടത്തുകയും പട്ടികജാതിക്കാരി എന്ന നിലയില്‍ അപമാനിക്കുകയും ചെയ്തതായി ആതിര പൊലിസിന് മൊഴി നല്‍കിയിരുന്നു.
ഗുരുതരമായി പരുക്കേറ്റ ആതിര കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് ചികിത്സയിലാണ്. കേസില്‍ കോളജ് പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്ന് മലപ്പുറം ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."